ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ പൊലീസ് ചർച്ച നടത്തിയെങ്കിലും പിന്മാറാൻ സമരക്കാർ തയ്യാറായില്ല.
പാലക്കാട്: വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾ പിരിവ് (Panniyankara Toll Plaza) സ്തംഭിപ്പിച്ച് പ്രതിഷേധം. വാഹനങ്ങൾ ടോൾ ബൂത്തിൽ (Toll Booth) നിർത്തിയിട്ടാണ് പ്രതിഷേധിച്ചത്. വൻ തുക ടോൾ വാങ്ങുന്നതിൽ പ്രദേശവാസികളടക്കമുള്ളവർ രംഗത്തെത്തി. ടോള്‍ ബൂത്തിന്റെ ഉള്ളിലും ഇരുഭാഗത്തുമായി അഞ്ഞൂറോളം വാഹനങ്ങൾ നിര്‍ത്തിയിടുകയായിരുന്നു. ഇതോടെ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. ഒരു തവണ ഇരുഭാഗത്തേക്കുമായി പോകുന്നതിന് 645 രൂപയാണ് വലിയ വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ഇത്രയും തുക നൽകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ടോറസ് ഉടമകൾ.
ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ പൊലീസ് ചർച്ച നടത്തിയെങ്കിലും പിന്മാറാൻ സമരക്കാർ തയ്യാറായില്ല. പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ലാസയ്ക്ക് സമീപം കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 9ന് പുലര്‍ച്ചെയാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചത്. പ്രദേശവാസികൾക്ക് നൽകിയിരുന്ന സൌജന്യം അവസാനിപ്പിച്ചതോടെ നാട്ടുകാരെത്തി ടോൾ പിരിവ് തടഞ്ഞതോടെ തൽസ്ഥിതി തുടരാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.
