ഏതാനും നിമിഷത്തിനുള്ളില്‍ കടല്‍ ചുഴലിയുടെ പ്രഭാവത്തില്‍ കരയിലേക്ക് അതിശക്തമായ കാറ്റ് വീശി. ഈ സമയം കടലിലിറക്കാനായി തയ്യാറെടുക്കുകയായിരുന്ന വള്ളങ്ങളെ കാറ്റ് എടുത്തുയര്‍ത്തി കരയിലടിച്ചു. 


ആലപ്പുഴ: ജില്ലയില്‍ അമ്പലപ്പുഴ ബീച്ചിന് പടിഞ്ഞാറ് കടലില്‍ ഇന്ന് (13.7.'22) രാവിലെയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഏതാണ്ട് ഏട്ടോളം പേരെ അപകടത്തെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 പത്തിനും പതിനൊന്നിനും ഇടയിലാണ് ഉള്‍ക്കടലില്‍ ചുഴലി പ്രത്യക്ഷപ്പെട്ടത്. മീന്‍ പിടിക്കാന്‍ പോയ വള്ളങ്ങളിലുണ്ടായിരുന്നവരാണ് ആദ്യം ചുഴലി കണ്ടത്. 

ഈ സമയം കടലില്‍ വള്ളമിറക്കാനെത്തിയവര്‍ കോള് കണ്ട് വള്ളമിറക്കാതെ കരയില്‍ മാറി നിന്നു. എന്നാല്‍, ഏതാനും നിമിഷത്തിനുള്ളില്‍ കടല്‍ ചുഴലിയുടെ പ്രഭാവത്തില്‍ കരയിലേക്ക് അതിശക്തമായ കാറ്റ് വീശി. ഈ സമയം കടലിലിറക്കാനായി തയ്യാറെടുക്കുകയായിരുന്ന വള്ളങ്ങളെ കാറ്റ് എടുത്തുയര്‍ത്തി കരയിലടിച്ചതായി ദൃക്ഷ്സാക്ഷികള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

കരൂർ അയ്യൻകോയ്ക്കൽ ലാൻഡിംഗ് സെന്‍ററിൽ വീശിയ ചുഴലി കാറ്റിൽ 3 വള്ളങ്ങൾക്ക് നാശ നഷ്ടം സംഭവിച്ചു. ഇത്തരത്തില്‍ ശക്തമായ കാറ്റ് വള്ളങ്ങളെ എടുത്തുയര്‍ത്തി കരയിലിട്ടപ്പോഴാണ് മത്സ്യത്തൊഴിലാളികള്‍ക്കും പരിക്കേറ്റത്. തേക്കെത്തയ്യിൽ (ഉടമ -കാഞ്ഞിരംചിറ പോൾ TC), ആണ്ടിയാർ ദീപം (ഉടമ -അഖിലനന്ദൻ, കല്ലുപ്പാറയിൽ, പുന്നപ്ര ), സിയോൺ വള്ളം (ഉടമ-ജാക്ക്സൺ ) എന്നീ വള്ളങ്ങളാണ് അപകടത്തിൽപ്പെട്ട് തകര്‍ന്നത്. ഈ വള്ളങ്ങളിലെ ജോലിക്കാരും സാരമായ പരിക്കേറ്റ ബോണി സെബാസ്റ്റ്യൻ, സനി മോൻ, ഗിരീഷ് എന്നീ മൽസ്യതൊഴിലാളികളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെബാസ്ത്യനോസ് വള്ളത്തിന്‍റെ ക്യാമറയ്ക്കും കേടുപാടുകൾ സംഭവിച്ചു.