Suicide :  ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മഞ്ജുഷയുടെ മരണം. നാളെ മഞ്ജുഷയുടെ സഞ്ചയനം നടത്താനിരിക്കെയാണ് പ്രാഭാകരന്‍ ജീവനൊടുക്കിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യ മരിച്ചതിലുള്ള മനോവിഷമം താങ്ങാനാവാതെ ഭര്‍ത്താവ് ജീവനൊടുക്കി (Suicide). മലയിന്‍കീഴ് സ്വദേശിയായ കണ്ടല കുളപ്പള്ളി നന്ദനം വീട്ടില്‍ എസ് പ്രഭാകരന്‍ നായരാണ്(53) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് ആണ് പ്രഭാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലയിന്‍ കീഴ് ജംഗ്ഷനില്‍ വ്യാപാരം നടത്തിവരികയായിരുന്ന പ്രഭാകരന്‍ നായര്‍ ഭാര്യ മരിച്ചതില്‍ കടുത്ത മനോവിഷമത്തിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഭാകരന്‍ നായരുടെ ഭാര്യ സി മഞ്ജുഷ (44) മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മഞ്ജുഷയുടെ മരണം. നാളെ മഞ്ജുഷയുടെ സഞ്ചയനം നടത്താനിരിക്കെയാണ് പ്രാഭാകരന്‍ ജീവനൊടുക്കിയത്.

ബന്ധുക്കള്‍ പ്രഭാകരനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ജുഷയും പ്രഭാകരനും ചേര്‍ന്നാണ് കച്ചവടം നടത്തിയിരുന്നത്. ഇവര്‍ക്ക് കുട്ടികളില്ല. കൊവിഡ് കാലത്ത് വ്യാപാരം കുറഞ്ഞതും ഭാര്യയുടെ അപ്രതീക്ഷിത മരണവും പ്രഭാകരന്‍ നായരെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നുവന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

കളിക്കുന്നതിനിടെ മാവില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വീടിന് സമീപത്ത് കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്ത് 13 കാരന്‍ സൂരജ് ആണ് മരിച്ചത്. കഴിഞ്ഞിവസം വൈകിട്ട് വീടിനടുത്തുള്ള പറമ്പില്‍ കളിക്കുന്നതിനിടെയാണ് സംഭവം. മാവില്‍ കെട്ടിയിട്ട കയറില്‍ കഴുത്ത് കുരുങ്ങുകയായിരുന്നു.

മാവിന്‍റെ മുകളില്‍ കയറി കളിക്കുന്ന സമയത്ത് സൂരജ് താഴേക്ക് വീഴുകയും കയര്‍ കഴുത്തില്‍ കുരുങ്ങുകയുമായിരുന്നു.സൂരജിനെ അപ്പോൾ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സൂരജ് അപകടത്തില്‍പ്പെട്ടതുകണ്ട് രക്ഷിക്കാനെത്തിയ മുത്തശിക്ക് കുഴിയിലേക്ക് വീണ് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാണിക്യപുരം സെന്‍റ് തെരേസാസ് സ്കൂളിലെ വിദ്യാര്‍ത്ഥി ആണ് സൂരജ്.