ഭാര്യയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങി വരുന്ന വഴി ഭര്‍ത്താവ് മരിച്ചു. 

ബാലരാമപുരം: ഭാര്യയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങി വരുന്ന വഴി ഭര്‍ത്താവ് മരിച്ചു. ബാലരാമപുരം വണിനഗര്‍ തെരുവ് മന്‍സിലില്‍ നിസാര്‍(60)ആണ് മരിച്ചത്. ബസ് യാത്രക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് മരിച്ചത്.

ബാലരാമപുരം ഹൗസിങ് ബോര്‍ഡിന് സമീപം ബുധനാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. ഭാര്യ സുമയ്യയെ അമ്പലത്തറയിലെ ആശുപത്രിയില്‍ കാണിച്ച ശേഷം മടങ്ങി വരികയായിരുന്നു. ഭാര്യയെ പൂന്തുറയിലെ അവരുടെ വീട്ടിലാക്കിയ ശേഷം ബാലരാമപുരത്തേക്ക് വരുമ്പോഴായിരുന്നു മരണം. യാത്രക്കിടെ തനിക്ക് സുഖമില്ലെന്ന് ഭാര്യയെ ഫോണ്‍ വിളിച്ച് പറയുകയും അനുജന്‍ നസീറിനോട് ബാലരാമപുരത്ത് കാത്തുനില്‍ക്കാന്‍ അറിയിക്കുകയും ചെയ്തിരുന്നു. ബസില്‍ അടുത്തിരുന്നയാള്‍ തട്ടിവിളിച്ചിട്ടും അനക്കമില്ലാതെ വന്നതോടെ നിസാറിനെ ബാലരാമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.