കടുത്ത മദ്യപാനിയായ ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ വന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സെൽവി പൊലീസിന് മൊഴി നൽകി

കൊച്ചി: മെട്രോ നഗരത്തെ നടുക്കി വീണ്ടുമൊരു കൊലപാതകം. തമിഴ്നാട് ദിണ്ഡുകൽ സ്വദേശി ശങ്കർ ആണ് മരിച്ചത്. കഴുത്ത് ഞെരിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യയും മകളും പൊലീസിന്റെ പിടിയിലായി. കൊച്ചി കടവന്ത്രയിലാണ് കൊലപാതകം നടന്നത്. ഇവിടുത്തെ താമസക്കാരായ സെൽവിയും മകളുമാണ് പിടിയിലായിരിക്കുന്നത്. കടുത്ത മദ്യപാനിയായ ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ വന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സെൽവി പൊലീസിന് മൊഴി നൽകി.

ഞായറാഴ്ച്ചയാണ് ശങ്കര്‍ കൊല്ലപെടുന്നത്. മദ്യപിച്ച് അബോധാവസ്ഥയിലെന്ന് കാട്ടി നാട്ടുകാരുടെ സഹായത്തോടെ ഭാര്യ സെല്‍വിയും മകളും ശങ്കറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഇയാൾ മരിച്ചിരുന്നു. പരിശോധനക്കിടെ ശങ്കറിന്റെ കഴുത്തില്‍ പാട് കണ്ടതോടെ ഡോക്ടർമാർ പോലീസിനെ വിവരം അറിയിച്ചു. 

തുടര്‍ന്ന് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി കോലപാതകമെന്ന് ഉറപ്പിച്ചു. പോസ്റ്റ്മോർട്ടത്തിൽ മരണം ശ്വാസം മുട്ടിയാണെന്ന് ഉറപ്പായതോടെ സെല്‍വിയെയും മകളെയും പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ശങ്കറിന്റെ കൈ കട്ടിലില്‍ കെട്ടിവെച്ചശേഷം ഷൂ ലെയ്‌സ് കൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സെല്‍വി നല്‍കിയ മോഴി.

മദ്യപിച്ച് വീട്ടിലെത്തിയാല്‍ ഭര്‍ത്താവ് സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് ഇവർ മൊഴി നൽകി. മർദ്ദനമേറ്റ് ഒരിക്കൽ കൈ ഒടിയുകയും ചെയ്തു. ഇത് സഹിക്കാനാകാതെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് സെൽവി പൊലീസിന് നൽകിയ മൊഴി. കൃത്യം നിർവഹിക്കാൻ മകള്‍ അനന്ദി സഹായിച്ചുവെന്നും സെല്‍വി പോലീസിനെ അറിയിച്ചു. ഇരുവരെയും തെളിവെടുപ്പുകള്‍ക്കുശേഷം റിമാന‍്റു ചെയ്തു.