കാഞ്ഞങ്ങാട് മുൻ സബ് കളക്ടർ പ്രതീക് ജെയ്നിന്റെ ഔദ്യോഗിക കസേരയിലാണ് ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യ വന്ദന മീണ ഇരിക്കുന്ന ചിത്രങ്ങൾ വന്ദന മീണ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്
കാസർഗോഡ്: സബ് കളക്ടറായ ഭർത്താവിന്റെ കസേരയിൽ ഇരിക്കുന്ന ചിത്രവുമായി ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യ. കാഞ്ഞങ്ങാട് മുൻ സബ് കളക്ടർ പ്രതീക് ജെയ്നിന്റെ ഔദ്യോഗിക കസേരയിലാണ് ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യ വന്ദന മീണ ഇരിക്കുന്ന ചിത്രങ്ങൾ വന്ദന മീണ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഐഎഎസ് ഉദ്യോഗസ്ഥയാണ് വന്ദന മീണ. നിലവിൽ എസ്ഡിഎം പദവിയിലുള്ള ജോലിയാണ് ഇവർ ചെയ്യുന്നത്.
മെയ് 24ന് പ്രതീക് ജെയ്ൻ സബ് കളക്ടർ പദവിയൊഴിഞ്ഞിരുന്നു. ഗുജറാത്ത് കേഡറിലേക്ക് പ്രതീക് ജെയ്ൻ സ്ഥലം മാറ്റം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. രാജസ്ഥാനിലെ സവായ് മാധോപൂർ സ്വദേശിയായ വന്ദന മീണയുമായി അടുത്തിടെയാണ് പ്രതീക് ജെയ്ന്റെ വിവാഹം കഴിഞ്ഞത്. ദില്ലി സർവ്വകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ വന്ദന മീണ 2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
2021ലെ യുപിഎസ്സി സിവിൽ സർവ്വീസ് പരീക്ഷയി 331ാം റാങ്കാണ് വന്ദന മീണ കരസ്ഥമാക്കിയത്. ഇൻസ്റ്റഗ്രാമിൽ സജീവമായ വന്ദനയെ അരലക്ഷത്തിലേറെ പേരാണ് സജീവമായി പിന്തുടരുന്നത്. കാഞ്ഞങ്ങാട്ട് കളക്ടറുടെ വസതിയിൽ നിന്നുള്ള ചിത്രങ്ങളും വന്ദന മീണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഭർത്താവ് ചുമതലയൊഴിയുന്ന ദിവസം ഇവർ കാസർഗോഡ് എത്തിയിരുന്നു.
ജില്ലാ കളക്ടറുടെ ഔദ്യോഗിക കസേരയിൽ സംസ്ഥാന, കേന്ദ്ര മന്ത്രിമാർക്ക് മാത്രമാണ് ഇരിക്കാൻ പ്രോട്ടോക്കോൾ അനുവാദം നൽകുന്നത്. നേരത്തെ മഹാരാഷ്ട്രയിൽ ബിജെപി എംപിയായിരുന്ന നാനാ പട്ടോലെ ജില്ലാ കളക്ടറുടെ ചേംബറിലെ ഔദ്യോഗിക കസേരയിലിരുന്ന സംഭവം വൻ വിവാദമായിരുന്നു.


