അതിര് കടന്ന് അനധികൃത മത്സ്യബന്ധനം: തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള യാനത്തിനെതിരേ കര്‍ശന നടപടി
സ്‌പെഷല്‍ പെര്‍മിറ്റ് ഇല്ലാതെ അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള യാനത്തിനതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്

തൃശൂര്‍: സ്‌പെഷല്‍ പെര്‍മിറ്റ് ഇല്ലാതെ അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള യാനത്തിനതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ് അധികൃതര്‍. തമിഴ്‌നാട് കന്യാകുമാരി ഭാഗത്തുനിന്ന് വന്ന തമിഴ്‌നാട് സ്വദേശി കന്യാകുമാരി ജില്ലയില്‍ സെന്റ് നിക്കോളസ് സ്ട്രീറ്റില്‍ ലീന്‍ ഫ്രന്‍സിസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള 'ടാറ്റിയാന' എന്ന ബോട്ടാണ് രാത്രിയില്‍ ചേറ്റുവയില്‍ പിടിച്ചെടുത്തത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ്. പോളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഹാര്‍ബറില്‍ നടത്തിയ പരിശോധനയില്‍ പെര്‍മിറ്റില്ലാതെ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടാണ് പിടിച്ചെടുത്തത്.
ജില്ലയുടെ തെക്കേ അതിര്‍ത്തിയായ അഴീക്കോട് മുതല്‍ വടക്കേ അതിര്‍ത്തിയായ കാപ്രിക്കാട് വരെയുള്ള കടല്‍ത്തീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാണ്. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെ.എം.എഫ്. റെഗുലേഷന്‍ ആക്ട്) പ്രകാരം പെര്‍മിറ്റ് ഇല്ലാത്തതിനും സ്രാങ്കിന് നിയമാനുസൃതം ലൈസന്‍സ് ഇല്ലാത്തതിനും കേസെടുത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
പ്രത്യേക പരിശോധന സംഘത്തില്‍ ഫിഷറീസ് സ്റ്റേഷന്‍ എ.എഫ്.ഇ.ഒ. സംനഗോപന്‍, മെക്കാനിക് ജയചന്ദ്രന്‍, കോസ്റ്റല്‍ എസ്.ഐ. സജീവന്‍, സി.പി.ഒ് ബൈജു, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ്ങ് ഉദ്യോഗസ്ഥരായ വി.എന്‍. പ്രശാന്ത് കുമാര്‍, വി.എം. ഷൈബു, ഇ.ആര്‍. ഷിനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സീ റെസ്‌ക്യൂ ഗാര്‍ഡ് പ്രമോദ്, സ്രാങ്ക് റസാക്ക് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Read more: മുനമ്പത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു
നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ബോട്ടിന് പെര്‍മിറ്റ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയതിന് 1,20,000 രുപയും സ്രാങ്ക് ലൈസന്‍സ് ഇല്ലാത്തിന് 25,000 രുപയും പിഴയിനത്തില്‍ ട്രഷറിയില്‍ ഒടുക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം