ഗുരുവായൂർ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് ചാവക്കാട് താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവം, സപ്തമിവിളക്ക് തുടങ്ങിയ ആഘോഷങ്ങൾ ക്ഷേത്രത്തിൽ തുടരുകയാണ്.
തൃശൂര്‍: ഗുരുവായൂർ ഏകാദശി മഹോത്സവം ആഘോഷിക്കുന്ന ഡിസംബർ ഒന്നിന് ചാവക്കാട് താലൂക്ക് പരിധിയിൽ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികൾക്കും (ജീവനക്കാർ ഉൾപ്പെടെ) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
ഗുരുവായൂർ ഏകാദശി എന്നത് വൃശ്ചികമാസത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശി നാളിൽ ആചരിക്കുന്ന, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവമാണ്. ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഗീതോപദേശം നൽകിയ ദിവസവുമായാണ് ഈ ദിവസം കണക്കാക്കുന്നത്. ഈ ദിവസത്തിൽ ഭക്തർ വ്രതമെടുക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്യാറുണ്ട്.
ചെമ്പൈ സംഗീതോത്സവം
ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവം തുടരുകയാണ്. മേൽപുത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ 16ന് സന്ധ്യയ്ക്ക് 6.30ന് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാണ് ഉദ്ഘാടനം ചെയ്തത്. 17ന് രാവിലെ 6 മുതൽ ആരംഭിച്ച സംഗീതോത്സവും ഡിസംബർ 1ന് ഏകാദശി ദിവസം രാത്രി 10.30 വരെ 15 ദിവസം തുടരും. ദിവസവും കാലത്ത് 6 മുതൽ അർധരാത്രി വരെയുള്ള സംഗീതാർച്ചനയിൽ 3000 കലാകാരന്മാർ പങ്കെടുക്കും.
സപ്തമിവിളക്ക്
ഗുരുവായൂര്‍ ക്ഷേത്രത്തിൽ ആഘോഷമാക്കി ഏകാദശിയുടെ ഭാഗമായുള്ള സപ്തമിവിളക്ക്. ചുറ്റുവിളക്കിലെ ദീപങ്ങളെല്ലാം വെളിച്ചെണ്ണയിൽ തെളിയുന്ന ഏക വിളക്കാണ് സപ്തമിവിളക്ക്. പുരാതന കുടുംബമായ ഗുരുവായൂരിലെ നെന്മിനി മന എൻസി രാമൻ ഭട്ടതിരിപ്പാടിന്റെ പേരിലുള്ളതാണ്. രാത്രിയിലെ വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്ക-നാഗസ്വര പ്രദക്ഷിണമാണ് പ്രധാന വാദ്യവിശേഷം.


