Asianet News MalayalamAsianet News Malayalam

കടുവയെ കണ്ടെത്തിയതായി വനം വകുപ്പ്, കടുവയുള്ളത് കുന്നിൻ മുകളിൽ, കാട്ടിലേക്ക് തുരത്തും

കടുവയെ കണ്ട സ്ഥലങ്ങളിൽ നാല് മണിക്ക് ശേഷം റോഡ് അടയ്ക്കുമെന്നും രാത്രി ഈ പ്രദേശങ്ങളിൽ ആളുകൾ പുറത്തിറങ്ങരുത് എന്നും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു

In Kannur Tiger found says Forest Department
Author
First Published Dec 7, 2022, 5:58 PM IST

കണ്ണൂർ : കണ്ണൂർ ഇരിട്ടിയിൽ തെരച്ചിലിനൊടുവിൽ കടുവയെ കണ്ടെത്തിയതായി വനം വകുപ്പ്. അയ്യൻകുന്ന് പഞ്ചായത്തിൽ ജനവാസ മേഖലയിലെ ഒരു കുന്നിൻ മുകളിലാണ് കടുവയുളളത്. ഇന്ന് രാത്രി തന്നെ കാട്ടിലേക്ക് തുരത്താനാകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. കടുവയെ ഭയന്ന് അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കടുവയെ കണ്ട സ്ഥലങ്ങളിൽ നാല് മണിക്ക് ശേഷം റോഡ് അടയ്ക്കുമെന്നും രാത്രി ഈ പ്രദേശങ്ങളിൽ ആളുകൾ പുറത്തിറങ്ങരുത് എന്നും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

കണ്ണൂർ ഇരിട്ടി മേഖലയിൽ 6 ദിവസമായി കടുവ പേടിയിലാണ് ജനം. വിളമന, കുന്നോത്ത്, മുണ്ടയം പറമ്പ് പ്രദേശങ്ങളിൽ ആളുകൾ കടുവയെ കണ്ടതോടെ ഡിഎഫ്ഒ ഉൾപെടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചിൽ തുടങ്ങിയിരുന്നു. ക്യാമറ സ്ഥാപിക്കാനും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്താനും തീരുമാനമായിരിക്കുകയാണ്. ആദ്യം അഭ്യുഹമാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പലരും കടുവയെ കണ്ടതോടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.

കാർ യാത്രക്കാരാണ് ആദ്യം കടുവയെ കണ്ടത്. റോഡ് മുറിച്ച് റബ്ബർ എസ്റ്റേറ്റിലേക്ക് കടക്കുന്നതായിരുന്നു ഇവർ കണ്ടത്. പിന്നീട് ലോറിയിൽ പോകുന്നവർ കടുവയെ കണ്ടു. വനം മന്ത്രി എ കെ ശശീന്ദ്രനെ വിളിച്ച് അറിയിച്ചു. ഈ പ്രദേശങ്ങളിൽ ധാരാളം വീടുകളുണ്ട്. അതിനാൽ ഉടനെ കടുവയെ പിടികൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Follow Us:
Download App:
  • android
  • ios