Asianet News MalayalamAsianet News Malayalam

ഇത് റിയൽ കേരള സ്റ്റോറി! ഭാർഗവിയമ്മ സ്ഥലം നൽകി, നാടൊന്നാകെ പണിതുയർത്തിയത് മതസൗഹാർദത്തിന്‍റെ മസ്ജിദ് റഹ്മ

ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ്  ബിജു കൃഷ്ണൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്ക് മധുരം  നൽകിയാണ് ഉദ്ഘാടന ചടങ്ങില്‍ സന്തോഷം പങ്കുവെച്ചത്. മസ്ജിദിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി ഒരുക്കിയ പള്ളി സന്ദർശനത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

Inauguration of Kallod Masjid Rahma setting an example of religious harmony and love
Author
First Published Dec 12, 2023, 6:50 PM IST

കോഴിക്കോട്:മതസൗഹാര്‍ദത്തിന്‍റെയും സ്നേഹത്തിന്‍റെയും മാതൃക തീര്‍ത്ത് വേറിട്ടൊരനുഭവമായി കോഴിക്കോട് പേരാമ്പ്ര കല്ലോട് മസ്ജിദ് റഹ്മയുടെ ഉദ്ഘാടനം.സ്ഥലപരിമിതി മൂലം മസ്ജിദ് നിര്‍മാണം ഏറെനാളായി പ്രതിസന്ധിയിലായിരുന്നു. എന്നാല്‍,മസ്ജിദിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പ്രദേശവാസിയായ ഭാര്‍ഗവിയമ്മയും കുടുംബവും സ്ഥലം നല്‍കി. ഇതോടെയാണ് മസ്ജിദിന്‍റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായത്. മസ്ജിദിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി ഒരുക്കിയ പള്ളി സന്ദർശനത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

പളളിയുടെ പണി മുടങ്ങിയതറിഞ്ഞാണ് ഭാർഗവിയമ്മയും കുടുംബവും സഹായഹസ്തവുമായി എത്തിയത്. രണ്ടര സെൻ്റ് സ്ഥലമാണിവര്‍ ദാനമായി നല്‍കിയത്. നാട്ടുകാരുടെ സഹകരണം കൂടിയായതോടെയാണ് പേരാമ്പ്രയിൽ മസ്ജിദ് ഉയർന്നത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ്  ബിജു കൃഷ്ണൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്ക് മധുരം  നൽകിയാണ് ഉദ്ഘാടന ചടങ്ങില്‍ സന്തോഷം പങ്കുവെച്ചത്.

ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരില്‍ മനുഷ്യര്‍ പരസ്പരം വിദ്വേഷം പുലര്‍ത്തുന്ന, പോരടിക്കുന്ന വര്‍ത്തമാനകാലത്ത് മതസൗഹാര്‍ദത്തിന്‍റെയും സ്നേഹത്തിന്‍റെയും മാതൃകയാണിതെന്ന് പള്ളി നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ഡോ. പി  അഷ്റഫ് പറഞ്ഞു.പ്രദേശത്തെ നാട്ടുകാരുടെ ഒത്തൊരുമയും സ്നേഹവും വിളിച്ചോതുന്നതാണ് മസ്ജിദ് റഹ്മയുടെ ഉദ്ഘാടനമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് ബിജു കൃഷ്ണൻ പറഞ്ഞു.സ്ഥലം നൽകിയ കുടുംബത്തെ സ്നേഹോപഹാരം നൽകി ചടങ്ങിൽ ആദരിച്ചു. കേരളത്തിന്‍റെ മതസൗഹാർദ്ദത്തിൻ്റെ അടയാളമായി മാറുകയാണിപ്പോള്‍ കോഴിക്കോട് പേരാമ്പ്ര കല്ലോട് മസ്ജിദ് റഹ്മ.

 

Latest Videos
Follow Us:
Download App:
  • android
  • ios