സിംഗപ്പൂരിൽ നടന്ന അബാക്കസ് മെന്റൽ അരിത്‌മെറ്റിക് അന്താരാഷ്ട്ര ഒളിമ്പ്യാഡിൽ തിരുവനന്തപുരം സ്വദേശിയായ അഭിമന്യു എസ്. ടി. ചരിത്ര വിജയം നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് നാലാം ക്ലാസുകാരനായ അഭിമന്യു. സങ്കീർണ്ണമായ കണക്കുകൾ അതിവേഗം മനസ്സിൽ കൂട്ടി കിഴിച്ചാണ് ഈ കൊച്ചുമിടുക്കൻ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ അഭിമാനമായത്.
തിരുവനന്തപുരം: സിംഗപ്പൂരിൽ വെച്ച് നടന്ന അബാക്കസ് മെന്റൽ അരിത്‌മെറ്റിക് അന്താരാഷ്ട്ര ഒളിമ്പ്യാഡ് 2026-ൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം. രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത തിരുവനന്തപുരം നാലാഞ്ചിറ സിഎംഎ കമ്പ്യൂട്ടർ മെന്‍റൽ അരിത്‌മെറ്റിക് സെന്‍ററിലെ വിദ്യാർത്ഥിയായ അഭിമന്യു എസ്. ടി. ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി. ജൂൺ 28-നായിരുന്നു ലോകശ്രദ്ധ ആകർഷിച്ച ഈ പോരാട്ടം നടന്നത്.
അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ അഭിമാന നേട്ടം കൈവരിക്കുന്നത് എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളോട് മത്സരിച്ചാണ് അഭിമന്യു ഒന്നാം സ്ഥാനം നേടിയത്. മലമുകൾ സെന്‍റ് ശാന്താൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അഭിമന്യു. പഠനത്തിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന ഈ കൊച്ചു മിടുക്കൻ, കുറഞ്ഞ സമയം കൊണ്ട് സങ്കീർണ്ണമായ കണക്കുകൾ മനസ്സിൽ കൂട്ടി കിഴിച്ചാണ് അന്താരാഷ്ട്ര തലത്തിൽ വിസ്മയമായത്. കരകുളം 'താരാമന്ദിരത്തിൽ' ഷിബു ബി. (ട്രാവൻകൂർ ടൈറ്റാനിയം), താര ബി. എസ്. (എഫ്.എച്ച്.സി. കരകുളം) ദമ്പതികളുടെ മകനാണ് അഭിമന്യു. രാജ്യത്തിനും കേരളത്തിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.


