ബ്രോഡ്ഗേജ് ആക്കാൻ 2010ലാണ് ഈ റൂട്ടിലെ സർവീസ് നിർത്തിയത്.   ഇതിൽ തേനി വരെയുള്ള പണികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 450 കോടി രൂപ ചെലവിലാണ് മധുര ബോഡിനായ്ക്കന്നൂർ റെയിൽപാത നവീകരിക്കുന്നത്.

തേനി: നവീകരിച്ച മധുര – തേനി റയിൽ പാതയിൽ ഇന്നു മുതൽ തീവണ്ടിയോടിത്തുടങ്ങി (Madurai to Theni train service). മധുരയിൽ നിന്നും രാവിലെ 8.30 ന് യാത്രക്കാരുമായി തിരിക്കുന്ന ട്രെയിൻ 9.35 ന് തേനിയിലെത്തി. ട്രെയിൻ സർവീസിന്‍റെ ഉദ്ഘാടനം ഇന്നലെ പ്രധാനമന്ത്രി നിർവ്വഹിച്ചു. മുന്‍പ് ബോഡിനായ്ക്കന്നൂർ മുതൽ മധുര വരം മീറ്റർ ഗേജ് പാതയുണ്ടായിരുന്നു. 

തേനിയിൽ ട്രെയിൻ എത്തിയതോടെ ഇടുക്കി ഹൈറേഞ്ചിനും ഗുണം ചെയ്യും. പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ ജനങ്ങൾക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായി തേനി മാറി. തേനിയിൽനിന്ന് ബോഡിനായ്ക്കന്നൂരിലേക്കുള്ള 17 കിലോമീറ്റർ പാതകൂടി പൂർത്തീകരിക്കുന്നതോടെ മൂന്നാറിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും.

ബ്രോഡ്ഗേജ് ആക്കാൻ 2010ലാണ് ഈ റൂട്ടിലെ സർവീസ് നിർത്തിയത്. ഇതിൽ തേനി വരെയുള്ള പണികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 450 കോടി രൂപ ചെലവിലാണ് മധുര ബോഡിനായ്ക്കന്നൂർ റെയിൽപാത നവീകരിക്കുന്നത്.

ആദ്യഘട്ടമായി മധുരയിൽനിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ട്രെയിൻ 9.35ന് തേനിയിലെത്തും. ഈ ട്രെയിൻ വൈകിട്ട് 6.15നാണ് തേനിയിൽനിന്ന് മധുരയിലേക്ക് തിരിക്കുക. 7.35ന് മധുരയിൽ എത്തും. ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ സൗകര്യം പരിഗണിച്ചാണ് ഈ സമയക്രമം.

വൈകിട്ട് 7.35ന് മധുരയിൽ എത്തിയാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളിൽ യാത്ര തുടരാം. മധുരയിൽ രാവിലെ ട്രെയിൻ ഇറങ്ങുന്നവർക്ക് തേനിയിലും സുഗമമായി എത്താം. 

മധുരയിൽനിന്ന് ആണ്ടിപ്പട്ടി വരെ 56 കിലോമീറ്റർ 2020 ഡിസംബറിലും ആണ്ടിപ്പട്ടി മുതൽ തേനി വരെയുള്ള 17 കിലോമീറ്റർ ഇക്കഴിഞ്ഞ മാർച്ചിലും വേഗപരിശോധന നടത്തി യാത്രയ്ക്ക് അനുയോജ്യമെന്ന് ഉറപ്പാക്കിയിരുന്നു. ഈ പാതവഴി ഏലം, കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധവ്യജ്ഞനങ്ങളുടെയും മറ്റു ചരക്കുകളുടെയും സുഗമമായ നീക്കം എളുപ്പമാകുമെന്നത് വ്യാപാരികൾക്കും ഏറെ അനുഗ്രഹമാകും.