Asianet News MalayalamAsianet News Malayalam

മഞ്ചുമലയിലെ പുലി ചത്തത് കരള്‍, ശ്വാസംകോശം എന്നിവയിലെ അണുബാധയ്ക്ക് പിന്നാലെ

കെണിവച്ച് പിടിച്ചതിൻറെയോ, വിഷം ഉള്ളിൽ ചെന്നതിന്‍റെയോ ലക്ഷണങ്ങൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താനായില്ല. ആന്തരിക അവയവ സാമ്പിളുകൾ വിശദ പരിശോധനക്കായി രണ്ടു ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.

infection in liver and lungs caused death of leopard which found dead in manjumala
Author
First Published Nov 9, 2022, 5:10 AM IST

മഞ്ചുമലയില്‍ പുലി ചത്തത് അണുബാധ മൂലമെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം മഞ്ചുമലയിൽ ചത്ത നിലയില്‍ പുലിയെ കണ്ടെത്തിയത്. കരൾ, ശ്വാസകോശം എന്നിവയ്ക്ക് അണുബാധയുണ്ടെന്ന് പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തിയത്. കെണിവച്ച് പിടിച്ചതിൻറെയോ, വിഷം ഉള്ളിൽ ചെന്നതിന്‍റെയോ ലക്ഷണങ്ങൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താനായില്ല. ആന്തരിക അവയവ സാമ്പിളുകൾ വിശദ പരിശോധനക്കായി രണ്ടു ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.

ഇതിന്‍റെ ഫലം കൂടി വന്നാൽ മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താനാകൂവെന്നാണ് കോട്ടയം ഡി എഫ് ഒ രാജേഷ് വിശദമാക്കിയത്. തിങ്കളാഴ്ചയാണ് പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്. ഏകദേശം മൂന്ന് വയസ് പ്രായം ഉള്ള പെൺപുലിയുടെ ജഡമാണ് കണ്ടെത്തിയത്. പോബ്സൺ എസ്റ്റേറ്റിനുള്ളിലെ വനമേഖലയോട് ചേർന്ന തോടിന്‍റെ കരയിൽ ആണ് പുലിയുടെ ജഡം കിടന്നിരുന്നത്. പെരിയാർ കടുവ സങ്കേതം അസ്സിസ്റ്റൻറ് വെറ്റിനറി ഓഫീസർ അനുരാജ്, വനംവകുപ്പ് കോട്ടയം വെറ്റിനറി ഡോക്ടർ അനുമോദ് എന്നിവരാണ് പോസ്റ്റുമോർട്ടം നടത്തിയത്.

പുഴയ്ക്കക്കരെ മറ്റൊരു പുലിയെ കണ്ടതായി വാച്ചർ വനപാലകരോട് പറഞ്ഞിട്ടുണ്ട്. അതേസമയം പ്രദേശത്ത് രണ്ട് പുലികളെ കണ്ടതായും മൂന്ന് മാസങ്ങൾക്ക് മുൻപ് നാലോളം വളർത്തു മൃഗങ്ങളെ പുലി പിടിച്ച നിലയിൽ കണ്ടെത്തിയതായും പ്രദേശവാസികൾ നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം മൂന്നാർതോട്ടം മേഖലയില്‍ പുലിപ്പേടി ഇനിയും ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഗൂഡാർവിള എസ്റ്റേറ്റിൽ ഗർഭിണിയായ പശുവിനെ പുലി കടിച്ചു കൊന്നിരുന്നു. ശനിയാഴ്ച രാവിലെ എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ മേയാൻ പോയ ആറുമുഖത്തിന്‍റ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്.  

രണ്ടു ദിവസമായി പശുവീട്ടിൽ എത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചലിലാണ് കാട്ടിനുള്ളിൽ പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കന്നിമല എസ്റ്റേറ്റിന് സമീപത്ത് കറവപശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പള്ളിവാസലിന് സമീപത്ത് പുലിയെ കണ്ടതായി രണ്ട് ദിവസം മുന്‍പാണ് അഭ്യൂഹം പരന്നത്. പുലിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും വനപാലകർ സ്ഥിരീകരിച്ചിരുന്നില്ല.

Follow Us:
Download App:
  • android
  • ios