കഴിഞ്ഞ 21 ന് നടന്ന മോഷണത്തില്‍ ഏഴ് മലയാളികള്‍ അടക്കം പത്ത് പേര്‍ പിടിയിലായി. 

മംഗളൂരു: മംഗളൂരുവില്‍ വീട്ടുകാരെ ബന്ദികളാക്കി സ്വര്‍ണ്ണവും പണവും കവർന്ന കേസില്‍ മലയാളികള്‍ ഉള്‍പ്പടെ പത്ത് പേര്‍ പിടിയില്‍. മംഗളൂരു ഉള്ളൈബെട്ടുവിലെ കോണ്‍ട്രാക്റ്ററായ പത്മനാഭ കോട്ടിയന്‍റെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയായിരുന്നു മോഷണം. പത്മനാഭയേയും ഭാര്യയേയും കുട്ടികളേയും മാരകായുധങ്ങള്‍ കാട്ടി ബന്ദികളാക്കി ഒന്‍പത് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവും പണവുമാണ് കൊള്ളയടിച്ചത്. കഴിഞ്ഞ 21 ന് നടന്ന മോഷണത്തില്‍ ഏഴ് മലയാളികള്‍ അടക്കം പത്ത് പേര്‍ പിടിയിലായി.

തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ബിജു, കൂര്‍ക്കഞ്ചേരി സ്വദേശി സക്കീര്‍ ഹുസൈന്‍, കടപ്പശേരി സ്വദേശി പികെ വിനോജ്, കുമരനെല്ലൂര്‍ സ്വദേശി എംഎം സജീഷ്, മുകുന്ദപുരം സ്വദേശി സതീഷ് ബാബു, കൊടകര സ്വദേശി ഷിജോ ദേവസി, കാസര്‍കോട് സ്വദേശി ബാലകൃഷ്ണന്‍, മംഗളൂരു നീര്‍മാര്‍ഗെ സ്വദേശികളായ വസന്ത് കുമാര്‍, രമേഷ് പൂജാരി, ബണ്ട്വാള്‍ സ്വദേശി റെയ്ഡമണ്ട് ഡിസൂസ എന്നിവരാണ് പിടിയിലായത്. 

പത്മനാഭയുടെ കിടപ്പുമുറിയില്‍ 300 കോടി രൂപയുണ്ടെന്ന് നാല് വര്‍ഷമായി ഇവിടെ ഡ്രൈവറായി ജോലി ചെയ്യുന്ന വസന്ത് കുമാര്‍ സുഹൃത്തുക്കളോട് പറയുന്നു. അങ്ങനെ രമേഷ് പൂജാരി, റെയ്മണ്ട് ഡിസൂസ എന്നിവര്‍ കാസര്‍കോട് സ്വദേശി ബാലകൃഷ്ണനെ ബന്ധപ്പെടുന്നു. കൊള്ള കൃത്യമായി പ്രാവര്‍ത്തികമാക്കാന്‍ ഇവര്‍ ജോണ്‍ ബോസ്കോയുടെ നേതൃത്വത്തിലുള്ള കേരള സംഘത്തെ ബന്ധപ്പെട്ടു. അങ്ങിനെ കഴിഞ്ഞ മാസം 21 ന് സംഘം മോഷണത്തിനെത്തി. കിടപ്പ് മുറിയിലെ ടൈല്‍സ് പൊളിക്കാനുള്ള ഉപകരണങ്ങളും പണം കൊണ്ടുപോകാനായി 21 ബാഗുകളുമായിട്ടായിരുന്നു വരവ്. പക്ഷേ കിടപ്പ് മുറിയില്‍ 300 കോടിക്കായി തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ഒടുവില്‍ കിട്ടിയ ആഭരണങ്ങളും പണവുമായി ആ വീട്ടിലുണ്ടായിരുന്ന വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഈ വാഹനം വഴിയില്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ കടന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ് മോഷണം നടത്തിയത് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഹിന്ദിയിലാണ് ഇവര്‍ പരസ്പരം സംസാരിച്ചതെന്നും മംഗളൂരു പൊലീസ് പറഞ്ഞു. കൊള്ള സംഘത്തലവൻ അടക്കം കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാവാനുണ്ട്. 

YouTube video player