ക്രമക്കേട് കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ.
ആലപ്പുഴ: ഇന്ധനത്തിന്റെ അളവിലും ഗുണമേന്മയിലും കൃത്രിമം നടത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍ അമ്പലപ്പുഴ താലൂക്കിലെ മൂന്നു പെട്രോള്‍ പമ്പുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാന ദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സ്റ്റോക്ക് ബോര്‍ഡ്, ഡെന്‍സിറ്റി സംബന്ധിച്ച വിവരങ്ങള്‍, വില വിവരം എന്നിവ പ്രദര്‍ശിപ്പിക്കാത്തതും എയര്‍ ഫില്ലിംഗ് സംവിധാനം ഇല്ലാത്തതുമായ ഒരു പെട്രോള്‍ പമ്പിനെതിരെ നടപടി സ്വീകരിച്ചതായി പരിശോധന സംഘം അറിയിച്ചു.
പെട്രോള്‍, ഡീസല്‍ എന്നിവ ഗുണമേന്‍മയിലും കൃത്യമായ അളവിലും ഗുണഭോക്താക്കള്‍ക്ക് നല്‍കല്‍, ഉപഭോക്താക്കളോട് മാന്യമായുള്ള പെരുമാറ്റം, പമ്പുകളില്‍ പാലിക്കേണ്ട നിയമപരമായ ചട്ടങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പെട്രോള്‍ പമ്പ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ബോധവത്ക്കരണം നടത്തി. ക്രമക്കേട് കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനകള്‍ തുടര്‍ന്നും നടത്തുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ ജ്യോതി ലക്ഷ്മി, മായാദേവി, സുരേഷ്, ഓമനക്കുട്ടന്‍, സേതു ലക്ഷ്മി എന്നിവരും പരിശോധനകളില്‍ പങ്കെടുത്തു.
മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന: 35 കിലോ പഴകിയ മത്സ്യങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു
പാലക്കാട്: ഭക്ഷ്യസുരക്ഷാ വകുപ്പും പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി മത്സ്യ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 35 കിലോയോളം പഴകിയ മത്സ്യങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. പാലക്കാട് മീന്‍ മാര്‍ക്കറ്റിലും പാലക്കാട് ബി.ഒ.സി റോഡിലെ ഹൈടെക് ഫിഷ് മാര്‍ക്കറ്റിലുമാണ് പരിശോധന നടത്തിയത്. 18 മത്സ്യ വില്‍പനസ്ഥാപനങ്ങളില്‍ നിന്ന് 32 സാമ്പിളുകള്‍ മൊബൈല്‍ ഭക്ഷ്യ പരിശോധന ലാബിന്റെ സഹായത്തോടെ പരിശോധനക്ക് വിധേയമാക്കി. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനയില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ എസ്. നയന ലക്ഷ്മി, എ.എം ഹാസില, ഒ.പി നന്ദ കിഷോര്‍, ടി.എച്ച് ഹിഷാം അബ്ദുള്ള, പാലക്കാട് നഗരസഭ ഡിവിഷന്‍ 2 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ.വി അനില്‍ കുമാര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജിതേഷ് ബാബു, എസ്. ബിജു, ശ്രീജ എന്നിവരും പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്താണ് സിനിമാ താരങ്ങളെ കേരളീയത്തിന് വിളിച്ചത്: ചെന്നിത്തല

