തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ചെത്തു തൊഴിലാളിക്ക്, അപേക്ഷ വൈകിയെന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിച്ച കമ്പനിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സാങ്കേതിക കാരണങ്ങളാൽ അർഹമായ ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ലോക് അദാലത്ത് വിധിച്ച 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.

കൊച്ചി: തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ചെത്തു തൊഴിലാളിക്ക് ഇൻഷുറൻസ് തുക നൽകുന്നത് അപേക്ഷ വൈകിയെന്ന കാരണത്താൽ നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി നൽകിയ ഹർജി ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ തള്ളി. ജോലി ചെയ്യാൻ കഴിയാതെ വന്ന ദിവസ വേതന തൊഴിലാളിക്ക് നഷ്ട പരിഹാരം നിഷേധിക്കാനായി സാമ്പത്തികമായി ശക്തമായ കോർപ്പറേറ്റ് സ്ഥാപനം കോടതിയെ സമീപിച്ചതും ഹൈക്കോടതി വിമർശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

2021 മെയ് മാസത്തിൽ തെങ്ങിൽ നിന്ന് വീണ കോഴിക്കോട് സ്വദേശിക്ക് ഗുരുതര പരിക്കേറ്റിരുന്നു. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ 75 ശതമാനത്തോളം വൈകല്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇൻഷുറൻസ് തുക ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും സമയ പരിധി കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാണിച്ച് കമ്പനി അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെ കോഴിക്കോട് സ്ഥിരം ലോക് അദാലത്തിൽ പരാതി നൽകിയിരുന്നു. ഇരുപക്ഷത്തിന്റെയും വാദം കേട്ട ലോക് അദാലത്ത് 7.5 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ടു.

ഈ ഉത്തരവിനെതിരെയാണ് ഇൻഷുറൻസ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. അപകടം ഇൻഷുറൻസ് പരിരക്ഷയുള്ള കാലയളവിൽ തന്നെയാണുണ്ടായതെന്നും പരിക്ക് ഗുരുതരമാണെന്നും കോടതി വിലയിരുത്തി. അപേക്ഷ വൈകിയെന്ന സാങ്കേതിക കാരണത്താൽ അർഹമായ ആനുകൂല്യം നിഷേധിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.