അന്തര്‍ സംസ്ഥാന സ്‌പോര്‍ട്‌സ് ബൈക്ക് മോഷ്ടാവ് കുന്നംകുളം പൊലീസിന്റെ പിടിയില്‍. ചെര്‍പ്പുളശേരി ചളവറ സ്വദേശി ബിലാൽ ആണ് അറസ്റ്റിലായത്. 

തൃശൂര്‍: അന്തര്‍ സംസ്ഥാന സ്‌പോര്‍ട്‌സ് ബൈക്ക് മോഷ്ടാവ് കുന്നംകുളം പൊലീസിന്റെ പിടിയില്‍. ചെര്‍പ്പുളശേരി ചളവറ സ്വദേശി ബിലാലി (25)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 24ന് പഴഞ്ഞി സ്വദേശി ഏബല്‍ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കെ.ടി.എം. ഡ്യൂക്ക് 200 ബൈക്ക് മോഷണം പോയിരുന്നു. 1,25,000 രൂപ വില വരുന്ന ഈ ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് യുവാവ് കുന്നംകുളം പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് കുന്നംകുളം പൊലീസ് സി.സി.ടിവി കാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന സ്‌പോര്‍ട്‌സ് ബൈക്ക് മോഷ്ടാവ് ബിലാല്‍ കുന്നംകുളം പൊലീസിന്റെ പിടിയിലായത്. പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതിയുടെ മേൽ വിവിധ സംസ്ഥാനങ്ങളിലായി 35 മോഷണക്കേസുകള്‍ ഉണ്ടെന്ന് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.