വിരളടയാള വിദഗ്ധ സംഘവും, ഡിഎന്‍എ പരിശോധിക്കുന്ന സംഘവുമെല്ലാം എസ്റ്റേറ്റിലെത്തി പരിശോധനകള്‍ നടത്തിയ മടങ്ങുകയും ചെയ്തു. എന്നാല്‍, ദ്യക്സാക്ഷിയില്ലാത്ത കേസായതിനാല്‍ പ്രതിയിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നാണ് അധിക്യതര്‍ ഇപ്പോള്‍ പറയുന്നത്

ഇടുക്കി: പീഡനത്തിന് ഇരയായ എട്ടുവയസുകാരിയുടെ കൊലപാതകത്തില്‍ തുമ്പുകണ്ടെത്താന്‍ കഴിയാതെ മൂന്നാര്‍ പൊലീസ്. കൊലപാതകം നടന്നിട്ട് 50 ദിവസം പിന്നിട്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം.

സെപ്റ്റംബര്‍ ഒമ്പതിനാണ് കണ്ണന്‍ദേവന്‍ കമ്പനിയുടെ ഗുണ്ടമല എസ്റ്റേറ്റില്‍ എട്ടു വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഊഞ്ഞാലാടുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ കയര്‍കുരുങ്ങിയാണ് മരിച്ചതെന്നാണ് അയല്‍വാസികള്‍ മൂന്നാര്‍ പൊലീസിനെ അറിയിച്ചതെങ്കിലും അന്വേഷണത്തില്‍ കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു.

ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ ഡിവൈഎസ്പി അന്വേഷണം ആരംഭിക്കുകയും ചെയ്തു. മൂന്നാര്‍, രാജക്കാട്, ഉടുംമ്പച്ചോല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ 11 അംഗ സംഘം എസ്റ്റേറ്റില്‍ താമസിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിരളടയാള വിദഗ്ധ സംഘവും, ഡിഎന്‍എ പരിശോധിക്കുന്ന സംഘവുമെല്ലാം എസ്റ്റേറ്റിലെത്തി പരിശോധനകള്‍ നടത്തിയ മടങ്ങുകയും ചെയ്തു.

എന്നാല്‍, ദ്യക്സാക്ഷിയില്ലാത്ത കേസായതിനാല്‍ പ്രതിയിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നാണ് അധിക്യതര്‍ ഇപ്പോള്‍ പറയുന്നത്. മൂന്നാറില്‍ നിന്ന് വളരെ ദൂരെയായതിനാല്‍ കേസന്വേഷണം പ്രയാസകരമണെന്നും ഉദ്യോഗസ്ഥരില്‍ ചിലര്‍ പറയുന്നു. മൂന്നാറിലെ സ്വകാര്യ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടി ഓണവധിയായതിനാല്‍ മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഉച്ചയോടെ മുത്തശ്ശി അയല്‍വാസിയുടെ വീട്ടില്‍പോയ സമയത്താണ് കുട്ടി കൊല്ലപ്പെട്ടത്.

സംഭവം നടന്ന് 50 ദിവസം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനല്ല മറിച്ച് മൂന്നാറില്‍ പൂന്തോട്ടം സജ്ജമാക്കാനാണ് ഡിവൈഎസ്പിക്ക് താത്പര്യമെന്നാണ് പ്രവര്‍ത്തതകര്‍ ആരോപിക്കുന്നത്. അടുത്തദിവസം പ്രതികളെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച നടത്താനും പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്.