താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാനം നടത്തിയ ആശുപത്രി ഇന്നും പരിമിതികള്‍ക്ക് ഉള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്.

ഇടുക്കി: രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കുട്ടികളുടെ വാര്‍ഡിനായി പൂര്‍ത്തീകരിച്ച കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം. സ്വകാര്യ വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്ന് വിജിസലന്‍സും തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗവും നേരിട്ടെത്തി പരിശോധന നടത്തി. കെട്ടിട നിര്‍മ്മാണത്തിനായി അനുവധിച്ച തുക പൂര്‍ണ്ണമായും വിനിയോഗിച്ചില്ലെന്നും നിര്‍മ്മാണം അശാസ്ത്രീയമാണെന്നുമാണ് പരാതി.

താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാനം നടത്തിയ ആശുപത്രി ഇന്നും പരിമിതികള്‍ക്ക് ഉള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. കിടത്തി ചികിത്സയും മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ വാര്‍ഡിനായി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. നാല്‍പ്പത് ലക്ഷം നിര്‍മ്മാണ ചിലവ് കാണിച്ചിട്ടുണ്ടെങ്കിലും എഴുപത്തിയഞ്ച് ശതമാനം പോലും വിനിയോഗിച്ചിട്ടില്ലെന്നും ബാക്കി തുക കരാറുകാരനും എഞ്ചിനീയറും ചേര്‍ന്ന് കൈക്കലാക്കിയെന്നും. നിര്‍മ്മാണ പ്രവര്‍ത്തനം തീര്‍ത്തും അശാസ്ത്രീയമെന്നും രാജാക്കാട് സ്വദേശിയായ ജിബി കുര്യാക്കോസ് നല്‍കിയ പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ വിജിലന്‍സ് വിഭാഗവും സംസ്ഥാന ദദ്ദേശ സ്വയംഭരണ വകുപ്പ് എ‍ഞ്ചിനീയറിംഗ് വിഭാഗവും നേരിട്ടെത്തി പരിശോധന നടത്തി. വിജിലന്‍സ് പ്രാഥമികമായി പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡയറക്ടറേറ്റില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് വിശദമായ അന്വേഷണം നടത്തുമെന്നും വിജിലന്‍സ് വ്യക്തമാക്കി. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പ് എ‍ഞ്ചിനീയറിംഗ് വിഭാഗവും പരിശോധന നടത്തുകയും ഫയലുകളും മറ്റും വിശദമായി പഠിച്ച് വരികയുമാണ്. അതേസമയം ആയിരക്കണിക്ക് തൊഴിലാളി കുടുംബങ്ങളുടെ ആടക്കം ആശ്രയമായ ആശുപത്രി സര്‍ക്കാര്‍ പ്രഖ്യാപനമനുസരിച്ച് താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരത്തിനും തയ്യാറെടുക്കുകയാണ്.