മൊബൈൽ ഫോൺ വായ്പ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ പാലക്കാട് സ്വദേശിയായ യുവാവിനെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ ക്രൂരമായി മർദിച്ചതായി പരാതി. ആക്രമണത്തിൽ യുവാവിൻ്റെ താടിയെല്ലിനും തലയോട്ടിക്കും ഗുരുതരമായി പരിക്കേറ്റു.  

പാലക്കാട് : മൊബൈൽ ഫോൺ വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ യുവാവിനെ ക്രൂരമായി മർദിച്ചെന്ന് പരാതി. പാലക്കാട് വാണിയംകുളം പനയൂർ സ്വദേശിയുടെ താടിയെല്ലിനും തലയോട്ടിക്കും ഗുരുതര പരിക്കേറ്റു. പരാതിയിൽ പണമിടപാട് സ്ഥാപത്തിലെ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രമുഖ പണമിടപാട് സ്ഥാപനമായ ബജാജ് ഫിനാൻസിനെതിരെയാണ് ആരോപണവും പരാതിയും. ലോണെടുത്ത് ഐ ഫോൺ വാങ്ങിയശേഷം തുടർച്ചയായി തിരിച്ചടവ് മുടങ്ങിയതോടെയാണ് വാണിയംകുളം പനയൂർ സ്വദേശി ഷരീഫിനെ തേടി കമ്പനി ജീവനക്കാരൻ എത്തിയത്. വീട്ടിൽ വന്ന് സ്ഥാപനത്തിന്റെ ഇടപാടുകാരിയല്ലാത്ത അമ്മയുടെ ഫോൺ നമ്പർ വാങ്ങിയതിനെ ഷെരീഫ് ചോദ്യംചെയ്തു. ഇതേച്ചൊല്ലി ഫോൺ വഴിയുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

ഞായറാഴ്ച രാത്രി 11മണിയോടെ വാണിയംകുളത്തായിരുന്നു സംഭവം. ഷെരീഫാണ് ജീവനക്കാരനായ അനൂപിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. വാക്കുതർക്കം കയ്യാങ്കളിയായി. അനൂപിന്റെ അടിയേറ്റ് നിലത്തു വീണ ശരീഫി്നറെ തലയോട്ടിക്കും താടിയിലിനും ഗുരുതരമായി പരിക്കേറ്റു. അനൂപ് തന്നെയാണ് ഷെറീഫിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യ സ്ഥിതി മോശമായതോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്ഡ് ചെയ്തു.