ഇരിങ്ങാലക്കുടയിൽ വിതരണത്തിനായി എത്തിച്ച 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറത്ത് എസ്ഐയെ വാഹനമിടിപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന ഇയാൾ, വിദ്യാർത്ഥികൾക്ക് ലഹരി വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നും പൊലീസ് സംശയിക്കുന്നു.
തൃശൂർ: ഇരിങ്ങാലക്കുടയിൽ വിതരണത്തിന് എത്തിച്ച ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എയുമായി യുവാവ് പിടിയിൽ. ബുധനാഴ്ച്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്നും എത്തിയ കെ എസ് ആർ ടി സി ബസിൽ വന്നിറങ്ങിയ പുതു പൊന്നാനി സ്വദേശിയായ യുവാവാണ് പൊലീസിൻ്റെ പിടിയിലായത്. ബസ്റ്റാൻഡ് പരിസരത്തു നിന്നും ബുധനാഴ്ച പുലർച്ചെ വിതരണത്തിന് എത്തിച്ച 110 ഗ്രാം എംഡിഎംഐയുമായി ഫിറോസ് (31) ആണ് പിടിയിലായത്.
2024 ൽ കഞ്ചാവ് പരിശോധനയ്ക്കിടെ മലപ്പുറം എസ് ഐ യെ വാഹനമിടിപ്പിച്ച കേസിലും പിടി കൊടുക്കാതെ നടക്കുകയായിരുന്ന ഫിറോസിനെ പിടി കിട്ടാപുളിയായി പ്രഖ്യാപിച്ചിരുന്നു. ഇരിങ്ങാലക്കുടയിൽ വാടകയ്ക്ക് താമസിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കും കോളജ് വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് ഇയാൾ എന്ന് പൊലീസ് സംശയിക്കുന്നു. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാന്‌സാഫ് ടീം ആണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.


