ഇന്നലെ വീട്ടിലെ പുരയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഇരുമ്പ് തോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു...

ഇടുക്കി: ഇരുമ്പു തോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റ് തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴയ്ക്ക് സമീപം വഴിത്തല പീടികതടത്തില്‍ എബിന്‍ വില്‍സണ്‍ (23) ആണ് മരിച്ചത്. ഹര്‍ത്താല്‍ ദിനമായിരുന്ന ഇന്നലെ വീട്ടിലെ പുരയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഇരുമ്പ് തോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു എബിന്‍. രണ്ടാഴ്ചയ്ക്കിടെ ഇത്തരത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്.

ജൂണ്‍ ആദ്യവാരം കോഴിക്കോട് അത്തോളിയില്‍ ഇരുമ്പ് കമ്പികൊണ്ട് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചിരുന്നു. ചീക്കിലോട് മുന്നൂർക്കയ്യിൽ മാണിക്കോത്ത് ശശിധരൻ (63) ആണ് മരിച്ചത്. ​ഞായറാഴ്ച രാവിലെയായിരുന്നു അപകടം. മാങ്ങ പറിക്കാനുപയോഗിച്ച കമ്പി ഇലക്ട്രിക് ലൈനിൽ തട്ടിയതാണ് അപകട കാരണം. ജൂണ്‍ പത്തിന് തിരുവനന്തപുരം വിഴിഞ്ഞത്ത് ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയില്‍ അച്ഛനും മകനും വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോര്‍ട്ടിന് സമീപം പുതുവല്‍ പുത്തന്‍ വീട്ടില്‍ അപ്പുകുട്ടന്‍(65), മകന്‍ റെനില്‍ (36) എന്നിവരാണ് മരിച്ചത്. ഇരുമ്പ് തോട്ടി 11 കെവി ലൈനില്‍ കുടുങ്ങിയാണ് അപകടത്തിന് കാരണം

അപ്പുക്കുട്ടന്‍ തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് ലൈനില്‍ പതിക്കുകയായിരുന്നു. അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നനതിനിടെയാണ് മകനും അപകടം സംഭവിച്ചത്. വൈദ്യുതി ആഘാതത്തില്‍ ഇരുവരും തല്‍ക്ഷണം മരണപ്പെട്ടു. വൈദ്യുതി പ്രഹരത്തില്‍ ഇരുവരുടെയും ശരീരം പകുതിയോളം കത്തി കരിഞ്ഞ നിലയിലായിരുന്നു. കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ഇരുവര്‍ക്കും അടുത്ത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ സാധിച്ചത്