1894 ലെ ഡിസംബര്‍ 23 ലെ തണുത്തുറഞ്ഞ അര്‍ദ്ധരാത്രിയാണ് പ്രണയത്തിന്റ സുന്ദരമായ ഓര്‍മ്മകള്‍ ബാക്കി വച്ച് ഇസബെല്‍ ഒരിക്കലുമുണരാത്ത നിദ്രയിലേയ്ക്ക് യാത്രയായത്...
മൂന്നാര്‍: മൂന്നാറിന് (Munnar) മാത്രം സ്വന്തമായൊരു പ്രണയകഥയുണ്ട് (Love Story). 128 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവ കഥ. ഇസബെല്‍ മേയും അവളുറങ്ങുന്ന തണുത്തുറഞ്ഞ മണ്ണിനും പറയാനുള്ളത് ഈ കഥയാണ്. മൂന്നാറിലെ പ്രണയ സ്വപ്‌നങ്ങളെ ഇന്നും ചൂടു പിടിപ്പിക്കുന്ന പേരുകളാണ് ബ്രിട്ടീഷുകാരായ ഹെന്റി മാന്‍സ്ഫീല്‍ഡിന്റേതും എലനെര്‍ ഇസബെല്‍ മേയുടേതും.
1894 ലെ ഡിസംബര്‍ 23 ലെ തണുത്തുറഞ്ഞ അര്‍ദ്ധരാത്രിയാണ് പ്രണയത്തിന്റ സുന്ദരമായ ഓര്‍മ്മകള്‍ ബാക്കി വച്ച് ഇസബെല്‍ മൂന്നാറിലെ സിഎസ്ഐ ക്രൈസ്റ്റ് ദേവാലയത്തിലെ സെമിത്തേരിയില്‍ ഒരിക്കലുമുണരാത്ത നിദ്രയിലേയ്ക്ക് യാത്രയായത്. മൂന്നാറില്‍ ബ്രിട്ടീഷുകാര്‍ തേയിലകൃഷി തുടങ്ങിയ കാലത്ത് ഇംഗ്ലണ്ടില്‍ നിന്ന് മാനേജരായി ജോലി ചെയ്യുവാന്‍ എത്തിയ ഭര്‍ത്താവ് ഹെന്റി നൈറ്റിനോടൊപ്പമാണ് എലനെര്‍ ഇസബെല്‍ മൂന്നാറിലെത്തുന്നത്. വിവാഹം കഴിഞ്ഞിട്ട് അധികം നാളുകളായിരുന്നില്ല. വന്നു തുടങ്ങിയതു മുതല്‍ അവളുടെ ഹൃദയം മൂന്നാറിന്റെ അഴകില്‍ മതിമയങ്ങി. ജോലികഴിഞ്ഞെത്തുന്ന ഭര്‍ത്താവ് ഹെന്റിയോടൊപ്പം സായാഹ്നസവാരിയ്ക്ക് പോകുന്നതും പ്രണയനിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതും പതിവായിരുന്നു.
പതിവു പോലെ ഡിസംബര്‍ 21 ാം തീയതി അവർ ഒരു മലമുകളിലെത്തി. സന്ധ്യയുടെ തണുപ്പിലേയ്ക്ക് നേരം ചുവടുവച്ചപ്പോള്‍ അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു. ഞാന്‍ മരിക്കുകയാണെങ്കില്‍ എന്നെ ഇവിടെ തന്നെ അടക്കണം. അറം പറ്റിയപോലെയായി അവളുടെ വാക്കുകള്‍. അന്നു രാത്രി അവള്‍ക്ക് കലശലായ കോളറ പിടിപെട്ടു. അവളുടെ ജീവന്‍ രക്ഷിക്കുവാന്‍ ഭര്‍ത്താവ് ഹെന്റി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഭര്‍ത്താവിനെ തനിച്ചാക്കി രണ്ടാം ദിവസം അവള്‍ യാത്രയായി.
അവളുടെ ആഗ്രഹം പോലെ ഭര്‍ത്താവ് അവള്‍ പറഞ്ഞ അതേ സ്ഥലത്തു തന്നെ അവളെ അടക്കി. ആ കല്ലറ സ്ഥാപിച്ച സ്ഥലത്തിനു സമീപം ദൈവാലയം പണിയുവാനുള്ള അനുമതി ഹെന്റി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് സി.എസ്.ഐ ക്രൈസ്റ്റ് ദേവാലയം ഇവിടെ സ്ഥാപിതമായത്. മൂന്നാര്‍ ടൗണില്‍ നിന്ന് ഒരു കിലോമീറ്ററില്‍ താഴെ മാത്രം ദൂരമുള്ള ഈ ദൈവാലയത്തിനു സമീപമുള്ള കല്ലറയില്‍ ഇന്ന് ഒത്തിരി പേര്‍ എത്തുന്നുണ്ട്. ദൈവാലയം നിര്‍മ്മിക്കുന്നതിനു മുമ്പ് സെമിത്തേരി നിര്‍മ്മിച്ച ലോകത്തിലെ ഒരേയൊരു ദൈവാലയമായി ഇതിനെ കരുതി പോരുന്നു.. മൂന്നാറിന്റെ ടൂറിസത്തിൽ ഈ സംഭവകഥയ്ക്കും കല്ലറയ്ക്കും പങ്കുണ്ട്.
