കൂത്താട്ടുകുളം: വ്യത്യസ്ത പ്രമേയവുമായിയെത്തിയ ജല്ലിക്കെട്ടെന്ന സിനിമയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച വിഷയം. എന്നാൽ സിനിമ പറയുന്നത് ഒരു ഗ്രാമത്തിൽ യാഥാർത്ഥ്യമായാൽ എന്ത് സംഭവിക്കും. എറണാകുളം കൂത്താട്ടുകുളത്താണ് കയറുപൊട്ടിച്ചോടിയ പോത്ത് ഒരു നാടിനെയൊന്നാകെ ഉറക്കം കെടുത്തിയത്.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് തിയേറ്ററിൽ കയ്യടി നേടി മുന്നോട്ടുപോവുകയാണ്. ഒരു ഗ്രാമത്തിൽ കശാപ്പിനെത്തിച്ച പോത്ത് കയറുപൊട്ടിചോടുകയും അതിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെയും കഥയാണ് ജെല്ലിക്കെട്ട് പറയുന്നത്. എന്നാൽ സിനിമ ചർച്ചവിഷയമാകുന്ന സമയത്ത് തന്നെ സമാന സംഭവം യഥാർത്ഥ്യമായി ഭവിച്ചതിന്‍റെ കൗതുകത്തിലാണ് ഒരു ഗ്രാമം

കൂത്താട്ടുകുളം ഇടയാർ നിവാസികളെ മണിക്കൂറുകൾ മുൾമുനയിലാക്കികൊണ്ടായിരുന്നു ഈ പോത്തിന്‍റെയും നെട്ടോട്ടം. ഇടയാറിലെ മീറ്റ് പ്രൊഡക്റ്റസ് ഓഫ് ഇന്ത്യയുടെ കശാപ്പ് ശാലയിലെത്തിച്ച പോത്താണ് സിനിമയ്ക്ക് സമാനമായി ജീവനക്കാരെ വെട്ടിച്ച് കയറുപൊട്ടിച്ചോടിയത്. പിന്നീട് നാട്ടുകാർ മുഴുവൻ പോത്തിന് പിന്നാലെയായി. 

"

ഇടയാർ കവലയിൽ നിന്നോടി മുത്തുപൊതിക്കൽ മലയിലേയ്ക്ക് ഓടിയ പോത്ത് റബർ തോട്ടത്തിൽ നിലയുറപ്പിച്ചു. പരിഭ്രാന്തരായ ജനങ്ങൾ നഗരസഭയെ വിവരമറിയച്ചതോടെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഇവർ പോത്തിനെ പിടിക്കാൻ മലകയറിയതോടെ പോത്ത് വീണ്ടും കവലയിലേക്ക്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പോത്തിനെ പിടികൂടാൻ നാട്ടുകാർക്കായി.