മരിച്ചത് നാട്ടുകാരുടെ പ്രിയങ്കരരായ സഹോദരങ്ങൾ

കോട്ടയം: ജോസ് കെ മാണി എംപിയുടെ മകൻ ഓടിച്ച വാഹനം സൃഷ്ടിച്ച അപകടം ഇല്ലാതാക്കിയത് ഒരു പാവപെട്ട കുടുംബത്തിന്റെ പ്രതീക്ഷകളെ കൂടിയാണ്. നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്ന സഹോദരൻമാരുടെ വിയോഗം ഉൾക്കൊള്ളാൻ ഇനിയും നാട്ടുകാർക്കായിട്ടില്ല. ജിസും ജിൻസും. നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ട സഹോദരൻമാരായിരുന്നു. ഇരുവരുടെയും വിയോഗം ഉൾക്കൊള്ളാൻ ആര്‍ക്കും കഴിയുന്നില്ല. 

സഹോദരൻമാർക്ക് യാത്രാമൊഴി ഏകാൻ നാടൊന്നിച്ചാണ് ഇരുവരുടെയും വീട്ടിലെത്തിയത്. അഞ്ചുവർഷം മുമ്പ് വിവാഹിതരായ ജിസ് അൻസു ദമ്പതികൾക്ക് നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറക്കാനിരിക്കെയാണ് ജിസിന്റെ വിയോഗം. മൂന്നു മാസം ഗർഭിണിയാണ് ജീസിന്റെ ഭാര്യ അൻസു. വാടകയ്ക്ക് താമസിക്കുന്ന ജിസിന്റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. 

ഇതിനായി സ്ഥലം വാങ്ങാൻ അഡ്വാൻസും നൽകിയിരുന്നു. പക്ഷേ അമിതവേഗത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ ആ കാർ സഹോദരൻമാരുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ് കടന്നു പോയി.വയോധികരായ മാതാപിതാക്കളും ജിസിൻറെ ഭാര്യയും പിറക്കാനിരിക്കുന്ന കുഞ്ഞും അടങ്ങുന്ന കുടുംബത്തെ അനാഥരാക്കി കൊണ്ട്.

Also Read: തിരുവല്ലയിൽ ക്ഷേത്ര ഉത്സവത്തിനിടെ നടന്ന ഗാനമേളയിൽ വിപ്ലവഗാനം പാടിയില്ല, ബഹളം, സ്റ്റേജിലെ കര്‍ട്ടൻ വലിച്ചുകീറി

അതേസമയം, വാഹനം നിയന്ത്രണം വിട്ടിരുന്നതായി ദൃക്സാക്ഷിയുടെ മൊഴി പുറത്തുവന്നിരുന്നു. ''ഞാൻ സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. വണ്ടി പാളി മൂന്ന് പ്രാവശ്യം വട്ടംകറങ്ങി പോസ്റ്റിന് അടുത്തായി പോയി നിന്നു. ആ സമയത്താണ് ബൈക്കിൽ രണ്ട് പേർ വരുന്നത്. വാഹനമിടിച്ച് രണ്ട് പേരും നിലത്തേക്ക് വീണു. അപ്പോഴേക്കും ജോസ് കെ മാണിയുടെ ബന്ധു സ്ഥലത്തെത്തി. ഇപ്പോഴാണ് ജോസ് കെ മാണിയുടെ മകനാണ് താനെന്ന് വാഹനമോടിച്ചയാൾ പറഞ്ഞു''.- എന്നായിരുന്നു ജോമോൻ എന്നയാളുടെ മൊഴി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്.