കൊച്ചി മെട്രോയുടെ കടവന്ത്ര-പമ്പള്ളി നഗര്‍ ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വ്വീസ് കസ്തൂര്‍ബാ നഗര്‍-കല്ലുപാലം വരെ നീട്ടി. ഇതിനിടെ, ലോകോത്തര അത്‌ലറ്റ് ബെൻ ജോൺസൺ കൊച്ചി വാട്ടർ മെട്രോ സന്ദർശിക്കുകയും യാത്രയെ വിസ്മയകരം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

കൊച്ചി: മെട്രോയുടെ കടവന്ത്ര-പമ്പള്ളി നഗര്‍ സര്‍ക്കുലര്‍ ഇലക്ട്രിക് ഫീഡര്‍ ബസ് കസ്തൂര്‍ബാ നഗര്‍-കല്ലുപാലം വരെ നീട്ടി. നാലു ഹൗസിംഗ് കോളനികളിലെ താമസക്കാര്‍ക്ക് കൂടി ഇതൊടെ മെട്രോ ഫീഡര്‍ ബസിന്റെ സേവനം ലഭിക്കും. കസ്തൂര്‍ബാ നഗറില്‍ ചേര്‍ന്ന ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ദീര്‍ഘിപ്പിച്ച സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

ഡയറക്ടര്‍ (സിസ്റ്റംസ് ) സഞ്ജയ് കുമാര്‍, ജനറല്‍ മാനേജര്‍ (എച്ച് ആര്‍) മിനി ഛബ്ര, അഡീഷണല്‍ ജനറല്‍ മാനേജര്‍ ( അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്) ഗോകുല്‍ റ്റി ആര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജിത് വി ജി, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജിസണ്‍ ജോര്‍ജ്, വിവിധ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.എം ചെറിയാന്‍, രംഗനാഥ പ്രഭു, വി.എസ് മോഹന്‍ദാസ്, സി.ജെ വര്‍ഗീസ്, ടൈറ്റസ് ജോളി, പ്രേം ആര്‍.വി, ചന്ദ്രകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

അത്‌ലെറ്റിക്‌സിലെ വിസ്മയം ബെന്‍ ജോണ്‍സണ്‍ കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ചു

100 മീറ്റര്‍ ഓട്ടത്തില്‍ നിരവധി മെഡലുകൾ നേടി ലോകത്തെ വിസ്മയിപ്പിച്ച ബെന്‍ജോണ്‍സണ്‍ കൊച്ചി വാട്ടര്‍ മെട്രോയിലെത്തി. കേരള സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മറ്റൊരു മനുഷ്യനിര്‍മിത വിസ്മയമായ കൊച്ചി വാട്ടര്‍ മെട്രോ യാത്രയ്ക്കാണ് കൊച്ചിയിലെത്തിയത്. ഹെക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്നും ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ ഒരു മണിക്കൂറോളം യാത്ര ചെയ്ത് കായല്‍ കാഴ്ചകള്‍ ആസ്വദിച്ച അദ്ദേഹം കൊച്ചിയിലെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു. തികച്ചും വിസ്മയകരം എന്നാണ് അദ്ദേഹം വാട്ടര്‍ മെട്രോയിലെ യാത്രയെ വിസ്മയിപ്പിച്ചത്. ഓളപ്പരപ്പിലൂടെ യാത്ര ചെയ്യുമ്പോഴും ഒട്ടും ഇളകാത്ത സുഗമമായ സഞ്ചാര അനുഭവം തികച്ചും അല്‍ഭുതപ്പെടുത്തുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.

വൈകിട്ട് 3.50 ന് വാട്ടര്‍ മെട്രോയിലെത്തിയ ബെന്‍ജോണ്‍സണെ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ സ്വീകരിച്ചു. വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങളെല്ലാം അദ്ദേഹം ബെന്‍ ജോണ്‍സണ് വിശദീകരിച്ചു. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി റൂട്ടുകളില്‍ സഞ്ചരിച്ച് കായല്‍ കാഴച്കളും ചരിത്ര പൈതൃകങ്ങളും കണ്ടു മടങ്ങി. കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ആദിത്യ രവീ ഡീസി, വാട്ടര്‍ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന്‍ പി ജോണ്‍, ഫ്‌ളീറ്റ് മാനേജര്‍ (ഓപ്പറേഷന്‍സ്) പ്രദീപ് കാര്‍ത്തികേയന്‍, കെഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദനന്‍, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സോഷ്യല്‍ മീഡിയ) കെ.കെ ജയകുമാര്‍, മാനേജര്‍ ജയശങ്കര്‍ തുടങ്ങിയവര്‍ യാത്രയില്‍ ബെന്‍ജോണ്‍സണെ അനുഗമിച്ചു. വള്ളത്തില്‍ നിന്നാരംഭിച്ച് മെട്രോയില്‍ എത്തി നില്‍ക്കുന്ന കൊച്ചിയുടെ ഗതാഗത ചരിത്രം വിശദീകരിക്കുന്ന വഞ്ചി ടു മെട്രോ എന്ന കോഫിടേബിള്‍ ബുക്ക് ലോക് നാഥ് ബെഹ്‌റ ബെന്‍ജോണ്‍സണ് സമ്മാനിച്ചു. സന്ദര്‍ശകര്‍ക്കുള്ള ബൂക്കില്‍ വിസ്മയിപ്പിക്കുന്ന യാത്രാനുഭവം എന്ന് കുറിച്ചാണ് ബെന്‍ ജോണ്‍സണ്‍ മടങ്ങിയത്.