വാഹനം എത്തിപ്പെടാത്ത വഴി ആയതിനാൽ ആംബുലൻസ് റോഡ് വശത്ത് പാർക്ക് ചെയ്ത ശേഷം 500 മീറ്ററോളം സ്‌ട്രെച്ചറുമായി നടന്നാണ് ആംബുലൻസ് സംഘം രമ്യയുടെ അടുത്തെത്തിയത്.
കണ്ണൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായെത്തിയത് കനിവ് 108 ആംബുലൻസ് (Kaniv108 Ambulance) ജീവനക്കാരാണ്. കണ്ണൂർ (Kannur) കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി രതീഷിന്റെ ഭാര്യ രമ്യ (28) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ ആറേമുക്കാലോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രമ്യയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പ്രസവിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ വിവരം കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതരെ അറിയിച്ചു.
ഇതിൻ്റെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ജെയ്സൺ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ തന്നെ ആംബുലൻസ് പൈലറ്റ് പി.സിറാജ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അമ്പിളി മാത്യു എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ശൈലജ, ആശ പ്രവർത്തക സൗമ്യ എന്നിവരും ഇവരെ ആംബുലൻസിൽ അനുഗമിച്ചു.
വാഹനം എത്തിപ്പെടാത്ത വഴി ആയതിനാൽ ആംബുലൻസ് റോഡ് വശത്ത് പാർക്ക് ചെയ്ത ശേഷം 500 മീറ്ററോളം സ്‌ട്രെച്ചറുമായി നടന്നാണ് ആംബുലൻസ് സംഘം രമ്യയുടെ അടുത്തെത്തിയത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അമ്പിളി ഉടൻ തന്നെ പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് സമീപവാസികളുടെ സഹായത്തോടെ സ്‌ട്രെച്ചറിൽ രമ്യയെയും കുഞ്ഞിനേയും ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും പൈലറ്റ് സിറാജ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. പ്രസവത്തിനായി ശനിയാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ഇരിക്കുന്നതിനിടെയാണ് രമ്യ വീട്ടിൽ കുഞ്ഞിന് ജന്മം നൽകിയത്.
അടിമാലിയിൽ ഏഴ് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ, വാങ്ങിയത് കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാൻ
ഇടുക്കി: അടിമാലിയിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ആലപ്പുഴ സ്വദേശികളായ കിരൺ കിഷോർ (20), ശ്യാംലാൽ (20) എന്നിവരാണ് അടിമാലി എക്സൈസിന്റെ പിടിയിലായത്. ആലപ്പുഴയിലെ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് വിൽക്കാൻ ആയാണ് പ്രതികൾ കഞ്ചാവ് ഇടുക്കിയിൽ നിന്ന് വാങ്ങിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ ഇക്കാര്യം വെളിപ്പെടുത്തി.
ഇവരുപയോഗിച്ച ബൈക്കും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അടിമാലി എക്സൈസ് റേഞ്ച് പട്രോളിംഗ് നടത്തുന്നതിനിടെ മെഴുകുംചാൽ - അമ്മാവൻ കുത്ത് ഭാഗത്തുനിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. KL 32 H 8592 നമ്പർ യമഹ ബൈക്കിലാണ് ഇവ കഞ്ചാവ് കടത്തിയത്.
കിരൺ കിഷോറിനെതിരെ പൊലീസ് സ്റ്റേഷനിലും എക്സൈസിലും കേസുകളുണ്ട്. ഇയാൾ മുമ്പ് ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഇവർക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നതിനെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. എക്സൈസ് ഇൻസ്പെക്ടർ പി കെ രഘുവിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവൻ്റീവ് ഓഫീസർമാരായ പി എച്ച് ഉമ്മർ, കെ പി ബിനു മോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ പി റോയിച്ചൻ, മീരാൻ കെ എസ് ,ശ്രീജിത്ത് എം എസ്, രാഹുൽ കെ രാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
