യുവതിക്ക് പ്രസവ വേദനയെടുക്കുകയും പിന്നാലെ വീട്ടിൽ കുഞ്ഞിന് ജന്മം നൽകിയതോടെയാണ് ഒപ്പമുള്ളവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്.
കൊച്ചി: വീട്ടിൽ പ്രസവിച്ച ഉത്തർപ്രദേശ് സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ഉത്തർപ്രദേശ് സ്വദേശിനിയും നിലവിൽ എറണാകുളം കിഴക്കമ്പലം ചേലകുളത്ത് താമസവുമായ 20 കാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ആണ് സംഭവം. യുവതിക്ക് പ്രസവ വേദനയെടുക്കുകയും പിന്നാലെ വീട്ടിൽ കുഞ്ഞിന് ജന്മം നൽകിയതോടെയാണ് ഒപ്പമുള്ളവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്.
കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് റോഷൻ ടി.സി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ചെമ്പകക്കുട്ടി ബി എന്നിവർ സ്ഥലത്ത് എത്തി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ചെമ്പകക്കുട്ടി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് റോഷൻ പാതാളം ഇ.എസ്.ഐ ആശുപത്രിയിൽ എത്തിച്ച് തുടർ ചികിത്സ ഉറപ്പാക്കി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Read More : 'രോഗികളെ കണ്ട് ആശയവിനിമയം, വികസന പ്രവർത്തനങ്ങൾ വിലയിരുത്തും; 'ആര്‍ദ്രം ആരോഗ്യം' നാളെ തിരുവനന്തപുരത്ത്
