ഗ്രാമത്തിലെ നിസഹായനായ ഒരാള്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് അജയന്‍ കയറി ചെന്നത് കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍. പിന്നെ അവിടെ സംഭവിച്ചത് കേരളാ പൊലീസിന്‍റെ കരുതല്‍. അറിയാം ആ കഥ.  


കൊല്ലം: പൊലീസ് വീട്ടിലെത്തിയെന്ന് പറഞ്ഞാല്‍ ഇന്ന് കേരളത്തില്‍ അല്‍പം ഭയം തോന്നാത്തതായി ആരുമില്ല. എന്നാല്‍ കൊല്ലം ജില്ലയിലെ കണ്ണനല്ലൂര്‍ ഗ്രാമത്തിലെ കനകന് പൊലീസ് വീട്ടിലെത്തിയെന്ന് കേട്ടാല്‍ ഭയമല്ല, ആശ്വാസമാണ്. അതെന്താണെന്നല്ലേ...? കനകന് സ്വന്തമായൊരു വീട് വച്ച് നല്‍കിയത് കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ സാറമ്മാരാണെന്നത് തന്നെ. 

പ്രദേശവാസിയായ അജയനില്‍ നിന്നാണ് ആ സംഭവം തുടങ്ങുന്നത്. അജയന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ ഗ്രാമത്തിലെ പാവപ്പെട്ട ആര്‍ക്കെങ്കിലും തന്നെക്കൊണ്ടാകുന്ന ചെറിയൊരു സഹായം ചെയ്യാന്‍ അജയന്‍ ആഗ്രഹിച്ചു. എന്നാല്‍, അതിന് വിശ്വസിച്ച് ആരെ കാര്യങ്ങള്‍ ഏല്‍പ്പിക്കുമെന്ന് ആലോചിച്ച അജയന്‍ ഒടുവിലെത്തി ചേര്‍ന്നത് കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍. അന്ന് വരെ ഒരു പരാതി നല്‍കാന്‍ പോലും പൊലീസ് സ്റ്റേഷനില്‍ കയറിയിട്ടില്ലാതിരുന്ന അജയന്‍ അങ്ങനെ കണ്ണനല്ലൂര്‍ എസ്ഐ വിപിന്‍ കുമാറിനെ നേരിട്ട് കണ്ട് തന്‍റെ ആഗ്രഹം അറിയിച്ചു. 

ഗ്രാമത്തില്‍ സ്വന്തമായി ഭൂമിയില്ലാത്ത ഒരാള്‍ക്ക് ഭൂമി നല്‍കാം. എന്നാല്‍, അതിന് അര്‍ഹരായവരെ കണ്ടെത്താന്‍ സഹായിക്കണം. സഹായം അഭ്യര്‍ത്ഥിച്ച് ഒരാളെത്തിയപ്പോള്‍ വെറും കൈയോടെ പറഞ്ഞയക്കാന്‍ കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞില്ല. ഒടുവില്‍ അര്‍ഹരെ തേടി കണ്ണനെല്ലൂര്‍ പൊലീസുകാര്‍ തന്നെ ഇറങ്ങി. അങ്ങനെ ഏറെ അന്വേഷണത്തിനൊടുവില്‍ അവര്‍ കനകനെ കണ്ടെത്തി. 

വൃക്കരോഗിയായ ഭാര്യ ചന്ദ്രികയും മാനസിക വൈകല്യമുള്ള മകന്‍ സുധിയും അടങ്ങുന്നതാണ് കനകന്‍റെ കുടുംബം. ജോലിക്ക് പോകാനുള്ള ആരോഗ്യമോ, മൂന്നംഗങ്ങളുള്ള കുടുംബത്തെ പോറ്റാനുള്ള ത്രാണിയോ ഇല്ലാത്ത കനകന്‍ ഓരോ ദിവസവും മൂന്ന് പേരുടെ വയറ് നിറയ്ക്കാന്‍ തന്നെ പാടുപെടുമ്പോഴാണ് കണ്ണനല്ലൂര്‍ പൊലീസ് സഹായ വാഗ്ദാനവുമായി മുന്നിലെത്തുന്നത്. അര്‍ഹനായ ഒരാളെ കണ്ടെത്തിയപ്പോഴാണ് അടുത്ത പ്രശ്നം. അജയന്‍ ഭൂമി വിട്ട് നല്‍കിയെങ്കിലും വീട് പൂര്‍ത്തിയാക്കാന്‍ പിന്നെയും പണം കണ്ടെത്തണം. കനകന് വീട് നിര്‍മ്മിക്കാനായി പണപ്പിരിവെന്ന ആശയം ഉയര്‍ന്നെങ്കിലും അത് വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചു. അങ്ങനെ പൊലീസ് കൂട്ടായ്മ ഒരുമെയ്യായും ഒരു കൈയ്യായും മുന്നോട്ട് നീങ്ങിയപ്പോള്‍ സാധനസാമഗ്രികള്‍ അവര്‍ തന്നെ വാങ്ങി എത്തിച്ചു. പൊലീസിന്‍റെ ആ വലിയ മനസിന് നല്ല പിന്തുണ കൂടി ലഭിച്ചപ്പോള്‍ കനകന് തന്‍റെ ജീവിതാഭിലാഷമായ 'സ്നേഹാലയം' സാധ്യമായി.

ഇന്ന് കണ്ണനല്ലൂര്‍ പൊലീസ് കനകന്‍റെ വീട്ടിലെത്തിയാല്‍ അവിടെ അവരുടെ അടുത്ത കൂട്ടൂകാരനായി സുധിയുണ്ടാകും. പൊലീസിനോട് കൊച്ചുവര്‍ത്തമാനം പറയാന്‍ സുധിക്കും ഏറെ ഇഷ്ടം. ഒടുവില്‍ പൊലീസ് തിരിച്ച് പോകുമ്പോള്‍ സ്നേഹസമ്മാനമായി ഉമ്മ നല്‍കിയാണ് സുധി തന്‍റെ പൊലീസ് സുഹൃത്തുക്കളെ യാത്രയാക്കുന്നത്. കനകന് വീട് നല്‍കാനായി. ഇനി ഈ കുടുംബത്തിന്‍റെ ചികിത്സയ്ക്കുള്ള വഴി തേടുകയാണ് കണ്ണനല്ലൂര്‍ പോലീസ് കൂട്ടായ്മ. 

YouTube video player