ഡോക്ടർമാരായ ഭർത്താവിന്‍റെയും ഭാര്യയുടെയും മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതികളുടെ 20 അക്കൗണ്ടുകളിലേക്ക് 4 കോടി 43 ലക്ഷം മാറ്റുകയായിരുന്നു
കണ്ണൂർ: വ്യാജ ഷെയർ ട്രേഡിങ് ആപ്പ് ഉപയോഗിച്ച് ഡോക്ടർ ദമ്പതികളിൽ നിന്ന് നാല് കോടിയിലധികം രൂപ തട്ടിയ കേസിൽ പ്രതികളെ കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചിപുരം സ്വദേശി മെഹബൂബും എറണാകുളം സ്വദേശി റിജാസുമാണ് പിടിയിലായത്. ഇരുവരെയും ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. അമിത ലാഭമെന്ന വാഗ്ദാനത്തിൽ വീണ മട്ടന്നൂർ സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്ന് 4 കോടി 43 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.
2 മാസം മുമ്പ അപ്സ്റ്റോക്ക് എന്ന വെരിഫെയ്ഡായിട്ടുള്ള ആപ്ലിക്കേഷന്‍റെ വ്യാജ പതിപ്പുമായാണ് പ്രതികൾ സമീപിച്ചത്. അംഗീകൃതമായ സ്റ്റോക്കുവാങ്ങുന്നവരാണെങ്കിൽ പകുതി വിലക്ക് ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഡോക്ടർമാരായ ഭർത്താവിന്‍റെയും ഭാര്യയുടെയും മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതികളുടെ 20 അക്കൗണ്ടുകളിലേക്ക് 4 കോടി 43 ലക്ഷം മാറ്റുകയായിരുന്നു. പിന്നീട് 7 കോടിയോളം ആവശ്യപ്പെട്ടതോടെയാണ് ഡോക്ടർ ദമ്പതികൾക്ക് സംശയം തോന്നിയത്. അങ്ങനെയാണ് പൊലീസിൽ പരാതി നൽകിയത്.
തട്ടിപ്പ് സംഘത്തിലെ മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട സംഘം കൂടുതൽ പേരെ ലക്ഷ്യമിട്ടിരുന്നതായി പോലീസ് സൂചന നൽകി. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.



