കല്‍പ്പറ്റ: 42 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിവാദങ്ങളില്‍ മാത്രം അറിയപ്പെട്ട കാരാപ്പുഴ പദ്ധതിക്ക് ജീവന്‍വെക്കുകയാണ്. 1978 ലാണ് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റയില്‍ കാരാപ്പുഴയുടെ കുറുകെ അണക്കെട്ട് നിര്‍മ്മിച്ച് തുടങ്ങുന്നത്. ജില്ലയുടെ കാര്‍ഷിക ആവശ്യത്തിന് അണയിലെ വെള്ളം ഉപയോഗിക്കാമെന്നതായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ 63 കിലോമീറ്റര്‍ ചുറ്റളവിലുള്ള പദ്ധതി അതിന്റെ ലക്ഷ്യങ്ങളിലേക്കെത്താതെ ഈ അടുത്ത കാലംവരെയും വാര്‍ത്തകളില്‍ ഇടംപിടിക്കുകയായിരുന്നു.  വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഡാമിന്റെ ജലസംഭരണശേഷി വര്‍ധിപ്പിക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് ജലസേചനവകുപ്പ്. 76.5 മില്യണ്‍ ക്യൂബിക് മീറ്ററിലേക്ക് സംഭരണ ശേഷി ഉയര്‍ത്താനാണ് തീരുമാനം. നിലവില്‍ ഏകദേശം 40 മില്യണ്‍ ക്യുബിക് മീറ്ററാണ് സംഭരണശേഷി. 

കൂടുതല്‍ വെള്ളം സംഭരിച്ച് നിര്‍ത്തണമെങ്കില്‍ അതിനുള്ള സ്ഥലം കൂടി പദ്ധതിപ്രദേശത്ത് നിന്ന് കണ്ടെത്തേണ്ടി വരും. ആദ്യഘട്ടം ഏറ്റെടുക്കുന്ന സ്ഥലത്തിനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. ആകെ ഏറ്റെടുക്കേണ്ട 8.12 ഹെക്ടറില്‍ 6.12 ഹെക്ടറാണ് ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക. ജലവിഭവ വകുപ്പ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. മുന്‍കാലങ്ങളില്‍ മഴക്കാലത്ത് കൂടുതല്‍ വെള്ളം ഡാമിലെത്തുമ്പോള്‍ ഷട്ടര്‍ തുറന്ന് ഇത് ഒഴുക്കി കളയുകയായിരുന്നു. ഡാമിന്റെ സുരക്ഷ കൂടി കണക്കിലെടുത്തായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. ഇതൊഴിവാക്കി കൂടുതല്‍ വെള്ളം സംഭരിക്കണമെങ്കില്‍ സ്ഥലം കൂടുതല്‍ ഏറ്റെടുത്തെ മതിയാവൂ. കൂടുതലായി സംഭരിക്കുന്ന വെള്ളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച് കൃഷിക്ക് ലഭ്യമാക്കും. 

മെയ് അവസാനത്തോടെ 600 ഹെക്ടര്‍ വയലിലും 200 ഹെക്ടര്‍ കരയിലും വെള്ളമെത്തിക്കാനാണ് വകുപ്പിന്റെ തീരുമാനമെന്ന് കാരാപ്പുഴ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ വി.സന്ദീപ് പറഞ്ഞു. മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, ബത്തേരി പഞ്ചായത്തുകളില്‍ 5,221 ഹെക്ടറില്‍ കനാലുകളിലൂടെ ജലം എത്തിച്ച് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുകയെന്നത് പദ്ധതിയുടെ തുടക്കം മുതലുള്ള ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു.  

കബനി നദിയുടെ കൈവഴിയാണ്  കാരാപ്പുഴ. കോഴിക്കോട്-മൈസൂര്‍ ദേശീയപാതയിലെ കാക്കവയലില്‍ നിന്ന് പതിനഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന  വാഴവറ്റയിലാണ് പദ്ധതിക്കായുള്ള അണ. 62 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. 7.6 കോടി രൂപ മതിപ്പുചെലവില്‍ പ്രവൃത്തി തുടങ്ങിയ പദ്ധതി ഇന്നോളം പൂര്‍ണമായും കമ്മീഷന്‍ ചെയ്യാനായിട്ടില്ലെന്നത് മാത്രമല്ല, പദ്ധതിക്കായി കുടിയിറക്കപ്പെട്ട ആദിവാസികളെ നാളുകള്‍ക്ക് മുമ്പാണ് പുനരധിവസിപ്പച്ചത്. പദ്ധതിയും പുനരധിവാസ പദ്ധതിയും ലക്ഷ്യം കാണാതെ കോടികള്‍ നഷ്ടപ്പെടുത്തിയ ഒന്നായാണ് കാരാപ്പുഴ ഇത്രയും നാള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. എന്നാല്‍ ഇപ്പോഴുള്ള തീരുമാനം വിജയിച്ചാല്‍ കര്‍ഷകര്‍ക്കായിരിക്കും കൂടുതല്‍ ആശ്വാസമാകുക.  ആശ്വാസം നിലവില്‍ ഏതാനും  ഹെക്ടര്‍ വയലില്‍ മാത്രമാണ് അണയിലെ വെള്ളം ഉപയോഗപ്പെടുത്തുന്നത്.

ഒരുക്കങ്ങള്‍ ഇപ്രകാരം

16.74 കിലോമീറ്ററാണ് കാരാപ്പുഴ അണയുടെ ഇടതുകര കനാലിന്റെ നീളം. 2019ലെ പ്രകൃതി ക്ഷോഭത്തില്‍  കനാലില്‍ തൃക്കൈപ്പറ്റ കെ.കെ ജംഗ്ഷനു സമീപം  96 മീറ്റര്‍ തകര്‍ന്നിരുന്നു. ഈ ഭാഗത്ത് കനാല്‍ പുനര്‍നിര്‍മിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. 8.805 കിലോമീറ്റര്‍ നീളമുള്ള വലതുകര കനാലിന്റെ നിര്‍മാണം പൂര്‍ത്തിയായതാണ്. ഈ കനാലിലൂടെ  എപ്പോള്‍ വേണമെങ്കിലും വെള്ളം ഒഴുക്കാം. വലതുകര മെയിന്‍ കനാലുമായി ബന്ധപ്പെടുത്തുന്ന 16.3 കിലോമീറ്റര്‍ വിതരണ കനാലുകളുടെ  നിര്‍മാണവും വൈകാതെ ആരംഭിക്കും. 

കാരാപ്പുഴ പദ്ധതി 2023ല്‍ പൂര്‍ണമായും കമ്മീഷന്‍ ചെയ്യുമെന്നാണ്  കേരള പര്യടനത്തിന്റെ ഭാഗമായി  ജില്ലയിലെത്തിയ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഗുണം കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നതിനു കല്‍പറ്റ എം.എല്‍.എ സി.കെ.ശശീന്ദ്രന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

അടിത്തട്ടില്‍ മണ്ണടിഞ്ഞ് അണയുടെ ജലസംഭരണശേഷി രണ്ട് മില്യണ്‍ ക്യുബിക് മീറ്റര്‍ കുറഞ്ഞതായി പീച്ചിയിലെ കേരള എന്‍ജിനിയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള (കെ.ഇ.ആര്‍.ഐ)വിദഗ്ധസംഘം നേരത്തേ കണ്ടെത്തിയിരുന്നു. അണയില്‍ അടിഞ്ഞ  മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നു  കെ.ഇ.ആര്‍.ഐ ശിപാര്‍ശ ചെയ്യുകയുമുണ്ടായി. എങ്കിലും മണ്ണുനീക്കുന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല.