പരിചരിക്കാൻ ആരുമില്ലാതെ ദിവസങ്ങളായി മലമൂത്ര വിസർജനത്തിൽ കിടന്നിരുന്ന രോഗിയായ വൃദ്ധ മാതാവിന് മാന്നാർ പൊലീസിന്റെ ഇടപെടലിൽ കരുണയുടെ സഹായമെത്തി
മാന്നാർ: പരിചരിക്കാൻ ആരുമില്ലാതെ ദിവസങ്ങളായി മലമൂത്ര വിസർജനത്തിൽ കിടന്നിരുന്ന രോഗിയായ വൃദ്ധ മാതാവിന് മാന്നാർ പൊലീസിന്റെ ഇടപെടലിൽ കരുണയുടെ സഹായമെത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ മാന്നാർ പൊലീസ് എസ് എച്ച് ഒ ജോസ് മാത്യുവിന്, കിടപ്പുരോഗിയായ ബുധനൂർ പതിനാലാം വാർഡിൽ തെരുവിൽ വീട്ടിൽ 85 -കാരിയായ പങ്കജാക്ഷിയമ്മയുടെ ദുരവസ്ഥ അറിയിച്ചുകൊണ്ടുള്ള ഒരു ഫോൺ വിളി എത്തിയയതോടെയാണ് സഹായമെത്തിയത്.
മന്ത്രി സജി ചെറിയാൻ ചെയർമാനായുള്ള കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി കരുണയാണ് പരിചരണത്തിന് വഴിയൊരുക്കിയത്. കിടപ്പുരോഗിയായ പങ്കജാക്ഷി അമ്മയുടെ ഒരു മകൻ ജോലി സംബന്ധമായി ദൂരസ്ഥലത്താണ്. മറ്റൊരു മകൻ അസുഖത്തെ തുടർന്ന് ആശുപത്രിയിലും. ആരും പരിചരിക്കാൻ ഇല്ലാതെ പങ്കജാക്ഷിയമ്മ കഴിഞ്ഞ കുറച്ചു ദിവസമായി മലമൂത്ര വിസർജ്ജനങ്ങളിൽ കിടക്കുകയായിരുന്നു.
വിവരം മനസ്സിലാക്കിയ ജോസ് മാത്യു കരുണയുടെ വർക്കിംഗ് ചെയർമാൻ അഡ്വ. സുരേഷ് മത്തായിയുമായി ബന്ധപ്പെട്ടു അടിയന്തിര സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് സിസ്റ്റർ മായയുടെയും ബുധനൂർ 14-ാം വാർഡ് കൺവീനർ നിർമ്മലയുടെയും നേതൃത്വത്തിൽ കരുണയുടെ മെഡിക്കൽ ടീം അവിടെ എത്തി വൃദ്ധ മാതാവിന്റെ പരിചരണം ഏറ്റെടുത്തു.
Read more: 'പൂവിളി പൂവിളി പൊന്നോണമായി...'; കുട്ടികളോടൊപ്പം ഊഞ്ഞാലാടിയും പാട്ടുപാടിയും മന്ത്രി
തുടർന്നുള്ള ദിവസങ്ങളിലും കരുണയുടെ പ്രവർത്തകർ വേണ്ട സഹായങ്ങളുമായി ആ അമ്മയുടെയും കുടുംബത്തിന്റെയും ഒപ്പം ഉണ്ടാകുമെന്ന് അഡ്വ. സുരേഷ് മത്തായി അറിയിച്ചു. ജനമൈത്രി പൊലീസിലെ രാഹുൽ പങ്കജാക്ഷിയമ്മയുടെ വീട്ടിലെത്തുകയും ബന്ധുക്കളുമായി ആശയ വിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിൽ പങ്കജാക്ഷിയമ്മക്ക് ആവശ്യമായ ശുശ്രൂഷ നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മാന്നാർ പൊലീസ് എസ് എച്ച്.ഒ ജോസ് മാത്യു പറഞ്ഞു.
