വൈസ് ചാന്‍സിലറായി ഡോ. ജി ഗോപകുമാര്‍ ചുമതലയേറ്റതു മുതല്‍ യോഗ്യതയില്ലാത്ത അധ്യാപകരെയാണ് സർവ്വകലാശാലയിൽ നിയമിച്ചത്. യു ജി സി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കേന്ദ്ര സര്‍വ്വകാലാശാലയില്‍ അധ്യാപകരെ നിയമിക്കുകയായിരുന്നു. വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ ഏകാധിപത്യ വേദിയായി സര്‍വ്വകലാശാല മാറിയെന്നും വി ശശികുമാര്‍ പറയുന്നു

കാസര്‍കോട്: കാസർകോട്ടെ കേന്ദ്ര കേരള സര്‍വ്വ കലാശാലയില്‍ ക്രമക്കേടുകളും നിയമന തട്ടിപ്പും നടക്കുന്നതായി മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ വി ശശികുമാർ. മാധ്യമ പ്രവർത്തകർക്ക് മുന്നിലെത്തിയാണ് ശശികുമാർ സർവ്വകലാശാല അധികൃതർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് .

വൈസ് ചാന്‍സിലറായി ഡോ. ജി ഗോപകുമാര്‍ ചുമതലയേറ്റതു മുതല്‍ യോഗ്യതയില്ലാത്ത അധ്യാപകരെയാണ് സർവ്വകലാശാലയിൽ നിയമിച്ചത്. യു ജി സി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കേന്ദ്ര സര്‍വ്വകാലാശാലയില്‍ അധ്യാപകരെ നിയമിക്കുകയായിരുന്നു. വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ ഏകാധിപത്യ വേദിയായി സര്‍വ്വകലാശാല മാറിയെന്നും മുന്‍ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ വി ശശികുമാര്‍ പറയുന്നു.

ജി ഗോപകുമാര്‍ വൈസ് ചാന്‍സിലര്‍ ആയതിന് ശേഷം 89 അധ്യാപകരെയാണ് നിയമിച്ചത്. പാര്‍ലമെന്റ് പാസ്സാക്കിയ കേന്ദ്ര സര്‍വ്വകലാശാല നിയമ പ്രകാരം സര്‍വ്വകലാശാല അധ്യാപക നിയമനത്തില്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡീന്‍ എന്നിവര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എന്നാല്‍ ഇവര്‍ ഉണ്ടായിട്ടും ഇവരെ ഉള്‍പ്പെടുത്താതെയാണ് നിയമനം നടത്തിയതെന്ന് ശശി കുമാർ രേഖകള്‍നിരത്തി പറയുന്നു.

വൈസ് ചാന്‍സിലര്‍ അനധികൃതമായി പ്രകാശന്‍ പെരിയാട്ട് എന്ന അധ്യാപകനെ നിയമിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തതിലൂടെ സര്‍വ്വകലാശായ്ക്ക് 24 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.യു ജി സി നിശ്ചയിച്ച യോഗ്യത അട്ടിമറിച്ചുകൊണ്ടായിരുന്നു 90 ശതമാനം നിയമനങ്ങളും നടത്തിയത്. സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ ആകണമെങ്കില്‍ മൂന്ന് പി എച്ച് ഡി വിദ്യാര്‍ത്ഥികളെയെങ്കിലും പുറത്തിറക്കണമെന്ന ചട്ടം അട്ടിമറിച്ച് ഒരു കുട്ടിയെ ഗൈഡ് ചെയ്താല്‍ മതിയെന്ന് ആക്കി തീര്‍ത്തു. ഇത് ഇപ്പോഴത്തെ പ്രൊ വൈസ് ചാന്‍സില്‍ ജയപ്രകാശിനെ നിയമിക്കാന്‍ വേണ്ടിയായിരുന്നു.

യു ജി സി ചട്ടം അനുസരിച്ച് പ്രൊഫസര്‍, അസോ. പ്രൊഫസര്‍ തസ്തികയില്‍ ഒ ബി സി സംവരണം നിലവില്‍ ഇല്ലാതിരുന്നിട്ടും 2015 ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എഡ്യുക്കേഷനില്‍ ഒ ബി സി ക്വാട്ടയിലാണ് പ്രൊഫസറെ നിയമിച്ചത്. രജിസ്ട്രാര്‍ നിയമനത്തില്‍ മൂന്നാം റാങ്ക് ലഭിച്ചയാള്‍ക്ക് യു ജി സി രേഖപ്പെടുത്തിയ മിനിമം യോഗ്യത പോലും ഇല്ലായിരുന്നു. ഇതില്‍ ഒമ്പതാം റാങ്കിലായിരുന്നു ശശികുമാർ.

മഹാത്മ ഗാന്ധി, കേരള, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച അപേക്ഷകരൊന്നും റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടില്ല. ഇതില്‍ മൂന്നാം റാങ്ക് ലഭിച്ച വ്യക്തിക്ക് സര്‍വ്വകലാശാലയില്‍ 15 വര്‍ഷം അസോ. പ്രൊഫസറായ പരിചയവും 7,000 ഗ്രേഡ് പേ വേണമെന്നതായിരുന്നു. എന്നാല്‍ ഐ എം എയില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയും 6000 ഗ്രേഡ് പേയുമുള്ള ആളെയാണ് നിയമിച്ചത്.

നിശ്ചിത യോഗ്യതയില്ലാത്തവരെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ നിയമനത്തിനെതിരെ കോടതിയില്‍ പോകില്ലെന്നതുകൊണ്ടാണ് ഇത്തരം നിയമനം നടത്തുന്നത്. വിവരാവകാശ പ്രകാരം ഈ നിയമനത്തിന്റെ വിവരം ചോദിച്ചതിന്റെ പ്രതികാരമായി സര്‍വ്വകാലാശാല തനിക്ക് നല്‍കാനുള്ള പേ റിവിഷന്‍ അരിയേഴ്‌സ്, ഏണ്‍ണ്ട് ലീവ് സറണ്ടര്‍, ടി എ, ഗ്രാറ്റുവിറ്റി എന്നീ ഇനത്തിലുള്ള 27 ലക്ഷത്തോളം രൂപ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ശശിധരന്‍ ആരോപിച്ചു. പലിശയടക്കം ഇത് ഇപ്പോള്‍ 33 ലക്ഷം രൂപവരും. കേന്ദ്ര സര്‍വ്വകാശാലയില്‍ ജോലിചെയ്യുന്നതിനാല്‍ എം ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ചതില്‍ ലഭിക്കേണ്ട പെന്‍ഷന്‍ തുക പോലും താന്‍ വാങ്ങിയില്ലെന്നും വി ശശിധരന്‍ പറഞ്ഞു.

എന്നാല്‍ വൈസ് ചാന്‍സിലര്‍ ജി ഗോപകുമാര്‍ ഡിയറന്‍സ് റിലീഫ് ഇനത്തില്‍ രണ്ട് സര്‍വ്വകാശാലയില്‍നിന്നും പണം കൈപ്പറ്റിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് 20 ലക്ഷം രൂപയോളമാണ് വൈസ് ചാന്‍സിലര്‍ വാങ്ങിയത്. സര്‍വ്വകാശാല സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി വൈസ് ചാന്‍സിലര്‍ ഉപയോഗിക്കുകയാണെന്നും തന്റെ ഏകാധിപത്യത്തെ അംഗീകരിക്കാത്ത വിദ്യാര്‍ത്ഥികളെ നിസാര കാരണങ്ങള്‍ ചുമത്തി പുറത്താക്കുകയാണെന്നും ശശികുമാർ പറയുന്നു.