തിരുവനന്തപുരം: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന അസുഖ ബാധിതയായ വൃദ്ധയ്ക്ക് ചികിത്സാ സൗകര്യം ഒരുക്കി കാട്ടാക്കട ജനമൈത്രി പൊലീസ്. പൂവച്ചൽ വലിയവിള കോളനിയിൽ സലോമിയെ (65) ആണ്  ജനമൈത്രി ബീറ്റ് ഡ്യൂട്ടി ഓഫീസർമാരായ എ.എസ്.ഐ അനിൽകുമാർ, സിപിഒ ഹരികുമാർ എന്നിവർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയത്.

പൂവച്ചൽ പഞ്ചായത്തിൽ ഉൾപ്പെട്ട വലിയവിള കോളനിയിൽ തിങ്കളാഴ്ച്ച രാവിലെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ബീറ്റ് ഡ്യൂട്ടിക്കായി എത്തിയത്. സലോമിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ പരിതാപകരമായ അവസ്ഥ കണ്ട് അവരെ ആംബുലൻസിൽ കോട്ടൂർ ആയൂർവേദ ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തുകയും തുടർ ചികിത്സക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ഡോക്ടറുടെ നിർദേശ പ്രകാരം തിരികെ വീട്ടിൽ എത്തിച്ച ഇവരെ അടുത്ത ആഴ്ച്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആവശ്യമായ ചികിത്സ നൽകുമെന്ന് ഇദ്യോഗസ്ഥർ പറഞ്ഞു. 

കാട്ടാക്കട പോലീസ് സ്റ്റേഷൻ ലിമിറ്റിൽ ജനമൈത്രി പോലീസിന്റെ സേവനം കാര്യക്ഷമമായി പ്രദേശത്ത് നടന്നു വരികയാണ്. ജനമൈത്രി കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പൊതു ജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി കാട്ടാക്കട സബ് ഇൻസ്‌പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ ജാഗ്രത സമിതി പ്രവർത്തനവും ഊർജിതമാക്കിയിട്ടുണ്ട്.