മലപ്പുറം: വൻ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്. ഹൈദരാബാദിൽ നിന്നെത്തിയ പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. ഇന്ന് രാവിലെ പത്തരയോടെ ഒരു മൃതദേഹം കൂടി ഇവിടെ നിന്ന് കണ്ടെടുത്തു. ഇതുവരെ ഇവിടെ നിന്ന് കണ്ടെത്തിയത് 41 പേരെയാണ്. ഇനി കണ്ടെത്താനുള്ളത് 18 പേരെയും. 

അത്യാധുനിക ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാർ സംവിധാനം കരിപ്പൂരിൽ എത്തിച്ചത്. ദുരന്തമേഖലയിലെ ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളിലേക്ക് തെരച്ചിൽ നടത്താൻ ഇതിന് മുമ്പ് മനുഷ്യസാധ്യമായിരുന്നില്ല.

ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചിലിലൂടെ മൃതദേഹങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനാകും എന്ന് ഹൈദരാബാദിൽ നിന്ന് എത്തിയ ശാസ്ത്രജ്ഞർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെളിയും വെള്ളവും നിറഞ്ഞ പ്രദേശങ്ങളിൽ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചിലിന് പരിമിതിയുണ്ട്. എങ്കിലും മണ്ണിനടിയിലെ പ്രതലം ചിത്രീകരിക്കാൻ റഡാറിനാകും. പരമാവധി ശ്രമം നടത്തുമെന്ന് സംഘത്തിലെ ശാസ്ത്രജ്ഞൻ ഡോ. രത്നാകർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കവളപ്പാറയിൽ സൈനികന്‍റേതടക്കം രണ്ട് മൃതദേഹങ്ങളാണ് ശനിയാഴ്ച കണ്ടെത്തിയത്. കാണാതായ സൈനികന്‍ വിഷ്ണു എസ് വിജയന്‍റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് ലഭിച്ചത്. സഹോദരിയുടെ വിവാഹ ചടങ്ങുകൾക്കായി ഉരുൾപൊട്ടൽ ഉണ്ടായതിന്‍റെ രണ്ട് ദിവസം മുമ്പാണ് വിഷ്ണു നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്‍റെ അച്ഛന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. മഴ മാറി നിൽക്കുന്നതിനാൽ കവളപ്പാറയിൽ തെരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട്.

പുത്തുമലയിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തെരച്ചിലിൽ ഒരാളെപ്പോലും കണ്ടെത്താനായില്ല. ഇനി ഏഴ് പേരെയാണ് പുത്തുമലയിൽ കണ്ടെത്താനുള്ളത്. ജിപിആർ സംവിധാനം പുത്തുമലയില്‍ ഉപയോഗിക്കാനും ആലോചനയുണ്ട്. അതേസമയം, കവളപ്പാറയിലടക്കം, ദുരിതബാധിതരെ ശാശ്വതമായി പുനരധിവസിപ്പിക്കുമെന്ന് ശനിയാഴ്ച സ്ഥലം സന്ദർശിച്ച മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നു. ദുരിതബാധിതരായ ആദിവാസികളെ  പുനരധിവസിപ്പിക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകും. മറ്റുള്ളവരെ മുണ്ടേരിയിലെ സർക്കാർ  ഭൂമിയിൽ പുനരധിവസിപ്പിക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. 

115 പേരാണ് സംസ്ഥാനത്താകെ മഴക്കെടുതിയിൽ മരിച്ചത്.