അതിരപ്പിള്ളിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് കൗതുകമായി കാവൽമാടം. ഇത്തവണത്തെ മഴവെള്ളപ്പാച്ചലിനും കനത്ത കാറ്റിനും കാവൽമാടത്തെ നിലംപതിപ്പിക്കാനായില്ല. 25 വര്‍ഷം മുമ്പ് വനസംരക്ഷണ സമിതി പ്രവര്‍ത്തകരാണ് കാവൽമാടം നിർമ്മിച്ചത്.
തൃശൂര്‍: അതിരപ്പിള്ളിയിൽ എത്തുന്ന സഞ്ചാരികളില്‍ കൗതുകമുണര്‍ത്തി കാവല്‍മാടം. 2018ലെ പ്രളയത്തിലടക്കം ഇരമ്പിയെത്തിയ മഴവെള്ളപ്പാച്ചിലിനും കനത്ത കാറ്റിനും കാവല്‍മാടത്തെ നിലംപതിപ്പിക്കാനായില്ല. 25 വര്‍ഷം മുമ്പ് വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് പാറകെട്ടില്‍ നിര്‍മ്മിച്ച ഷെഡ് ഇത്തവണത്തെ മഴവെള്ളപ്പാച്ചിലും മറികടന്നു. വെള്ളച്ചാട്ടത്തിന് സമീപമെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കുന്നവര്‍ക്ക് വെയിലും മഴയും ഏല്‍ക്കാതെ ഇത്തിരിനേരം വിശ്രമിക്കാനായാണ് ഷെഡ് ഒരുക്കിയത്.
വനപാലകരുടെ അനുമതിയോടെ വനസംരക്ഷണ സമിതി പ്രവര്‍ത്തകരാണ് ഷെഡ് നിര്‍മ്മിച്ചത്. വിഎസ്എസ് പ്രവര്‍ത്തകരായ പി കെ സഹജന്‍, ടി പി ഷാജന്‍, സി വി രാജന്‍, കെ എം സുരേന്ദ്രന്‍, പരേതനായ ശിവനുണ്ണി എന്നിവരാണ് കാവല്‍മാടത്തിന്റെ ശില്‍പികള്‍. 2018ലെ പ്രളയത്തില്‍ ഷെഡിന് കേടുപാടുകള്‍ സംഭവിച്ചു. പിന്നീട് കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു. പ്രളയത്തെ അതിജീവിച്ച ഷെഡ് അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൂറ്റന്‍ കരിങ്കല്ല് തുരന്ന് സ്ഥാപിച്ച നാല് മരത്തൂണുകളാണ് ഷെഡിന്റെ അടിത്തറ. ഈറ്റയും ഇലകളും കൊണ്ട് മുകള്‍ ഭാഗവും വശങ്ങളുടെ കെട്ടിയിട്ടുണ്ട്.
ഷെഡ് കെട്ടാനായി തിരഞ്ഞെടുത്ത സ്ഥലമാണ് കാവല്‍മാടത്തിന്റെ നിലനില്‍പ്പിന് കാരണം. ഇരമ്പിയെത്തുന്ന വെള്ളം പാറക്കെട്ടുകളില്‍ പതിച്ച് ദിശമാറി ഒഴുകുന്നതിനാല്‍ ഷെഡിലേക്ക് നേരിട്ട് വെള്ളം എത്തില്ല. വെള്ളച്ചാട്ടത്തോടൊപ്പം വനസംരക്ഷണസമിതിയുടെ ഷെഡും സഞ്ചാരികള്‍ക്ക് കൗതുകമാവുകയാണ്.


