തിരുവനന്തപുരം മേയർ വി വി രാജേഷ് നൽകിയ പരാതിയെ തുടർന്ന് തലസ്ഥാനത്തെ ഇലക്ട്രിക് ബസ് സർവീസുകൾ റീ ഷെഡ്യൂൾ ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. മേയറുടെ വാർഡിലടക്കം സർവീസ് ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാനാണ് നടപടി

തിരുവനന്തപുരം: തലസ്ഥാനത്തെ ഇലക്ട്രിക് ബസ് സർവീസുകൾ റീ ഷെഡ്യൂൾ ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തിരുവനന്തപുരം നഗരസഭാ മേയർ വി വി രാജേഷ് നേരിട്ട് വന്ന് കണ്ട് സർവീസുകളിലെ പോരായ്മകൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. മേയറുടെ വാർഡിലുൾപ്പെടെ ചില പ്രധാന പ്രദേശങ്ങളിൽ നിലവിൽ സർവീസുകൾ ലഭ്യമല്ലെന്ന പരാതി പരിഗണിക്കുമെന്നും യാത്രാക്ലേശം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ ഇലക്ട്രിക് ബസുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറുമായി കോര്‍പ്പറേഷൻ മേയര്‍ വി വി രാജേഷ് കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇലക്ട്രിക് ബസുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായിരുന്നു. ബസുകളുടെ റൂട്ടുകളിലടക്കം മന്ത്രിയെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന് മേയർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തലസ്ഥാനത്തെ ഇലക്ട്രിക് ബസ് സർവീസുകൾ റീ ഷെഡ്യൂൾ ചെയ്യാനുള്ള തീരുമാനം.

ബസുകളിൽ റീൽസ് ആകാം, പക്ഷേ സ്വകാര്യത മാനിക്കണം

അതേസമയം ബസിനുള്ളിലെ റീൽസ് ചിത്രീകരണത്തെക്കുറിച്ചും മന്ത്രി തന്റെ നിലപാട് വ്യക്തമാക്കി. യാത്രക്കാർക്ക് ബസിനുള്ളിൽ സ്വന്തമായി റീൽസുകൾ എടുക്കാവുന്നതാണെന്നും അത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മറ്റൊരാളുടെ സ്വകാര്യതയെ ബാധിക്കുന്ന രീതിയിലോ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലോ ക്യാമറ ഉപയോഗിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ ഷിംജിത മുസ്തഫ പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.