ഒരു ലക്ഷം രൂപ മുതല്‍ 50 കോടി രൂപ വരെ തിരിച്ചടയ്ക്കണമെന്ന് കാട്ടിയാണ് തോട്ടം തൊഴിലാളികളും സാധാരക്കാരുമായ ബോര്‍ഡ് അംഗങ്ങള്‍ക്ക് കേരള ബാങ്ക് നോട്ടീസ് നല്‍കിയത്.
മൂന്നാര്‍: എല്‍ഡിഎഫ് ഭരിക്കുന്ന ചിന്നക്കനാല്‍ സഹകരണ ബാങ്കിന് വായ്പാ കുടിശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബാങ്ക്, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങള്‍ക്ക് നോട്ടീസ് അയച്ചു. ഒരു ലക്ഷം രൂപ മുതല്‍ 50 കോടി രൂപ വരെ തിരിച്ചടയ്ക്കണമെന്ന് കാട്ടിയാണ് തോട്ടം തൊഴിലാളികളും സാധാരക്കാരുമായ ബോര്‍ഡ് അംഗങ്ങള്‍ക്ക് കേരള ബാങ്ക് നോട്ടീസ് നല്‍കിയത്. 7 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ ബോര്‍ഡ് അംഗങ്ങളുടെ സ്വത്തില്‍ അവകാശം സ്ഥാപിച്ച് നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് കഴിഞ്ഞ നവംബറില്‍ അയച്ച നോട്ടീസില്‍ ഉള്ളത്.
ഒഎല്‍സിസി, കാര്‍ഷിക വായ്പ, സ്വര്‍ണ പണയ വായ്പ ഇനങ്ങളിലായി ചിന്നക്കനാല്‍ സഹകരണ ബാങ്ക് കഴിഞ്ഞ മാര്‍ച്ച് 31 വരെ 73 കോടി രൂപ കുടിശിക വരുത്തിയിരുന്നു. ഇത് തിരിച്ച് പിടിക്കുന്നതിനാണ് കേരള ബാങ്ക് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ബാങ്കിന്‍റെ ഭാഗത്ത് നിന്നും പ്രതികണമുണ്ടായില്ലെങ്കില്‍ ആര്‍ബിസ്‌ട്രേഷന്‍ കോടതിയെ സമീപിക്കാനാണ് കേരള ബാങ്കിന്‍റെ തീരുമാനം. ബാങ്കിന്‍റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ സിപിഎമ്മിന് എട്ടും സിപിഐയ്ക്ക് മൂന്നും അംഗങ്ങളാണുള്ളത്. ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സിപിഐ പ്രദേശിക നേത്യത്വത്തിന്‍റെ മൂന്ന് അംഗങ്ങളും നേരത്തെ ആരോപിച്ചിരുന്നു. തോട്ടംതൊഴിലാളികളും സാധാരണക്കാരുമായ അയ്യായിരത്തോളം അംഗങ്ങളാണ് ബാങ്കിലുള്ളത്. വായ്പ കുടിശിക ഈടാക്കാന്‍ കേരള ബാങ്ക് നടപടികള്‍ ആരംഭിച്ചാല്‍ ബാങ്കിന്‍റെ സ്വത്തുവകകള്‍ ജപ്തി ചെയ്യാന്‍ സാധ്യതയുണ്ട്.
കൂടുതല്‍ വായനയ്ക്ക്: മണ്ണ് കടത്താന്‍ കൈക്കൂലി; ഗ്രേഡ് എസ് ഐ ബൈജുക്കുട്ടനെതിരെ ഇന്ന് കൂടുതല്‍ നടപടി
