കേരളത്തിലേക്ക് കടത്താന്‍ ആന്ധ്രപ്രദേശില്‍ നിന്നും ആഡംബര കാറിലെത്തിയ കുടുംബത്തെ കുമളിക്ക് സമീപം തമിഴ്‌നാട് പൊലീസ് തടയുകയായിരുന്നു. ഒരേ കുടുംബത്തിലുള്ളവരായതിനാൽ സംശയം തോന്നില്ലെന്നാണ് പ്രതികൾ കരുതിയത്
കുമളി: കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്തിയ 46.5 കിലോ കഞ്ചാവുമായി അമ്മയും രണ്ടു മക്കളും ഉൾപ്പെടെ നാലു പേർ പിടിയിൽ. ആന്ധ്ര പ്രദേശ് സ്വദേശികളായ രാജേഷ് കണ്ണന്‍, ബില്ലി രാമലക്ഷ്മി, മകന്‍ ദുര്‍ഗ പ്രകാശ്, പ്രായപൂര്‍ത്തിയാകാത്ത മകന്‍ എന്നിവരാണ് കമ്പം പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളത്തിലേക്ക് കടത്താന്‍ ആന്ധ്രപ്രദേശില്‍ നിന്നും ആഡംബര കാറിലെത്തിയ കുടുംബത്തെ കുമളിക്ക് സമീപം തമിഴ്‌നാട് പൊലീസ് തടയുകയായിരുന്നു. ഒരേ കുടുംബത്തിലുള്ളവരായതിനാൽ സംശയം തോന്നില്ലെന്നാണ് പ്രതികൾ കരുതിയത്.
ട്രാവൽ ബാഗിൽ കഞ്ചാവ്
അമ്മയും രണ്ട് മക്കളുമടക്കം 4 പേരാണ് കാറിലുണ്ടായിരുന്നത്. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇവർ കുടുങ്ങുകയായിരുന്നു. ഇവരുടെ കാറില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ട്രാവല്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. അഞ്ച് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ആന്ധ്രാപ്രദേശില്‍ നിന്ന് അവധിക്കാലം ആഘോഷിക്കാന്‍ വന്നതാണെന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താനും വില്‍ക്കാനും പദ്ധതിയിട്ടിരുന്നതായും ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഇവരുടെ കാര്‍ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലപ്പുറത്ത് എംഡിഎംഎ പിടികൂടി
അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ നിന്ന് എം ഡി എം എയുമായി യുവാവ് പിടിയിലായി എന്നതാണ്. മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരക്കൽ ഹസ്‌കർ (37) ആണ് എം ഡി എം എയുമായി പിടിയിലായത്. ഇയാളിൽ നിന്ന് 2.58 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതി ഹസ്‌കറിനെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ഡി വൈ എസ് പി പി പ്രമോദിന്റെ നിർദേശപ്രകാരമാണ് താനൂർ പൊലീസ് സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ പരിശോധനക്ക് എത്തിയത്. താനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ടി ബിജിത്ത്, എസ് ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍ കെ ടി ബിജിത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. എ എസ് ഐ നിഷ, സി പി ഒമാരായ അനീഷ്, അനില്‍ കുമാര്‍, മുസ്തഫ, ബിജോയ്, പ്രബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


