ലഹരി മരുന്ന് ബെംഗളൂരുവിൽ നിന്നും വാങ്ങാൻ മൂന്നു ലക്ഷം നൽകിയത് ഷോണ് സുനിലാണെന്ന് മറ്റ് പ്രതികള് മൊഴി നൽകി. പിടിച്ചെടുത്ത ലഹരി മരുന്ന് ബെംഗളൂരുവിൽ നിന്നും കൊണ്ടുവരാനും സുനിലിന് പങ്കുണ്ടെണ്ടെന്ന വിവരം എക്സൈസ് ലഭിച്ചപ്പോഴേക്കും ഇയാള് വിദേശത്തേക്ക് കടന്നിരുന്നു.
തിരുവനന്തപുരം: രാജ്യാന്തര ലഹരിക്കടത്ത് കേസിലെ പ്രതി വിദേശത്തുനിന്നും നാട്ടിലെത്തിച്ച് എക്സൈസസ്. തലസ്ഥാനത്ത് 70 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ച കേസിലെ എട്ടാം പ്രതി ഷോൺ സുനിൽ ബെർട്ടിനെയാണ് ദുബായിൽനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. പ്രതിയുടെ രാജ്യന്തരബന്ധം അന്വേഷിച്ചു വരുകയാണെന്ന് എക്സൈസ് കമ്മീഷണർ സാംബശിവ റാവു പറഞ്ഞു. 2023 ജൂലൈ 9-നാണ് തിരുവനന്തപുരം എക്സൈസ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് 155.480 കിലോഗ്രാം കഞ്ചാവും 70.71 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തത്.
കേസിൽ 4 പ്രതികളെ സംഭവസ്ഥലത്തുനിന്നും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് എക്സൈസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. സംഭവത്തിൽ മൂന്നു പ്രതികളെ കൂടി എക്സൈസ് അറസ്റ്റ് ചെയ്തു. ലഹരി മരുന്ന് ബെംഗളൂരുവിൽ നിന്നും വാങ്ങാൻ മൂന്നു ലക്ഷം നൽകിയത് ഷോണ് സുനിലാണെന്ന് മറ്റ് പ്രതികള് മൊഴി നൽകി. പിടിച്ചെടുത്ത ലഹരി മരുന്ന് ബെംഗളൂരുവിൽ നിന്നും കൊണ്ടുവരാനും സുനിലിന് പങ്കുണ്ടെണ്ടെന്ന വിവരം എക്സൈസ് ലഭിച്ചപ്പോഴേക്കും ഇയാള് വിദേശത്തേക്ക് കടന്നിരുന്നു. നാർക്കോട്ടിക് കണ്ട്രോള് ബ്യൂറോ, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ പ്രതിയെ ദുബായിൽ പിടികൂടി ജയിലേക്ക് മാറ്റി.
ദുബായിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ സുനിലിനെ കസ്റ്റഡയിൽ വാങ്ങി ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ചു. എല്ലാ പ്രതികള്ക്കുമെതിരെ എക്സൈസ് കുറ്റപത്രം നൽകിയിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കിയ ഷോണിനെ റിമാൻഡ് ചെയ്തു. മറ്റ് ചില പ്രതികളെ വിദേശത്തുനിന്നുമെത്തിക്കാൻ നടപടി തുടങ്ങിയതായി എക്സൈസ് കമ്മീഷണർ സാംബശിവ റാവു അറിയിച്ചു.


