ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള പെൻഷൻകാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ്റെ ബെഞ്ചാണ് ഹർജി തള്ളിയത്. നിയമപരമായി മരുമകൾക്ക് മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ലെന്നും പേരക്കുട്ടിയെ അത്തരമൊരു ഉത്തരവാദിത്തത്തിലേക്ക് നിർബന്ധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള പെൻഷൻകാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി മരുമകൾക്ക് മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ലെന്നും പേരക്കുട്ടിയെ അത്തരമൊരു ഉത്തരവാദിത്തത്തിലേക്ക് നിർബന്ധിക്കാനാകില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ വ്യക്തമാക്കി.
മുത്തശ്ശിയെ സംരക്ഷിക്കണമെന്ന പേരക്കുട്ടിയോടുള്ള ആവശ്യം യുക്തിസഹമല്ലെന്നും കോടതി നിരീക്ഷിച്ചു. കൊച്ചി സ്വദേശിനിയായ ഫിഷറീസ് വകുപ്പ് മുൻ ഉദ്യോഗസ്ഥയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സർവീസിലിരിക്കെ മരിച്ച മകന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്ന മരുമകളും 22 വയസ്സുള്ള പേരക്കുട്ടിയും തനിക്ക് ജീവനാംശം നൽകണമെന്നായിരുന്നു അവരുടെ ആവശ്യം.
മകന് വേണ്ടിയുള്ള ആശ്രിത ആനുകൂല്യങ്ങളിൽനിന്ന് 12,28,646 രൂപ കെഎസ്ഇബി നേരിട്ട് ഹർജിക്കാരിക്ക് നൽകിയിരുന്നു. ഇതിന് പുറമെ, മകന്റെ മരണാനന്തര പെൻഷനിൽനിന്ന് പ്രതിമാസം 15,000 രൂപ കൂടി അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
എന്നാൽ ഫിഷറീസ് വകുപ്പിൽ നിന്നുള്ള സ്വന്തം പെൻഷനും ഭർത്താവിന്റെ പെൻഷനും ഹർജിക്കാരിക്ക് ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മെയിന്റനൻസ് ട്രിബ്യൂണൽ ആവശ്യം നിരസിച്ചിരുന്നു. തുടർന്ന് കളക്ടർക്ക് നൽകിയ അപ്പീലും തള്ളിയതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. കുടുംബബന്ധങ്ങളുടെ പേരിൽ മാത്രം മരുമകൾക്കും പേരക്കുട്ടിക്കും നിയമപരമായ ബാധ്യത ചുമത്താനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.


