Asianet News MalayalamAsianet News Malayalam

ലീഗല്‍ മെട്രോളജി പരിശോധന; പിഴ ഈടാക്കിയത് 41 ലക്ഷം, ആയിരത്തോളം കേസ് 

വിവിധ പരിശോധനകളിലായി ആയിരത്തോളം കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

kerala legal metrology raid 1000 Cases against shops joy
Author
First Published Sep 2, 2023, 9:14 PM IST

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാന വ്യാപകമായി ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനകളില്‍ പിഴയിനത്തില്‍ ഈടാക്കിയത് 41.99 ലക്ഷം രൂപ. വിവിധ പരിശോധനകളിലായി ആയിരത്തോളം കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 746 കേസുകള്‍, അളവിലും തൂക്കത്തിലും കുറവ് വില്‍പ്പന നടത്തിയതിന് 37 കേസുകള്‍, വില തിരുത്തി, അമിതവില ഈടാക്കിയതിനും 29 കേസുകള്‍, പായ്ക്കര്‍ രജിസ്‌ട്രേഷനില്ലാതെ പായ്ക്ക് ചെയ്ത് വില്‍പ്പന നടത്തിയതിന് 125 കേസുകള്‍, പാക്കേജ്ഡ് കമോഡിറ്റീസ് റൂള്‍സ് പ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പായ്ക്കറ്റ് വില്‍പ്പന നടത്തിയതിന് 220 കേസുകളും എടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളില്‍ ഒമ്പത് കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 94 കേസുകളും രജിസ്റ്റര്‍ ചെയ്തതായി ലീഗല്‍ മെട്രോളജി വകുപ്പ് അറിയിച്ചു. 
 
ആഗസ്റ്റ് 17 മുതല്‍ ഉത്രാടം നാള്‍ വരെ നടത്തിയ പരിശോധനയുടെ വിവരങ്ങളാണ് ലീഗല്‍ മെട്രോളജി വകുപ്പ് പുറത്തുവിട്ടത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജോയിന്റ് കണ്‍ട്രോളര്‍മാരുടെ മേല്‍നോട്ടത്തിലാണ് 14 ജില്ലകളിലും പരിശോധന നടന്നത്. ജില്ലകളിലെ ജനറല്‍ ആന്‍ഡ് ഫ്‌ളൈയിംഗ് സക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധനകള്‍ നടന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 

എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി നടത്തിയ 1419 പരിശോധനകളില്‍ ഈടാക്കിയത് 17,74,500 രൂപ പിഴയായിരുന്നു. നിയമലംഘനങ്ങള്‍ നടത്തിയ 455 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തതായും വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 

  വില കൂട്ടി മദ്യ വില്പന: ഇടുക്കി രാജകുമാരി ബെവ്‌കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് റെയ്ഡ് 

 ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..

Follow Us:
Download App:
  • android
  • ios