Asianet News MalayalamAsianet News Malayalam

 തിരുവനന്തപുരം കോർപ്പറേഷനിലടക്കം ഉപതെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം, കച്ചമുറുക്കി മുന്നണികൾ, വെള്ളാർ ആര് നേടും?

സിറ്റിങ്ങ് സീറ്റ് നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി. ഉറച്ച കോട്ടയിൽ കഴിഞ്ഞ തവണയേറ്റ തിരിച്ചടിക്ക് മറുപടി നൽകാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. അട്ടിമറി ലക്ഷ്യമിട്ടുള്ള ഇടതു പോരാട്ടം കൂടിയായതോടെ വെള്ളാറിൽ ത്രികോണ മത്സരത്തിന്‍റെ ചൂടും ചൂരുമാണ്

Kerala local body by election latest news Thiruvananthapuram Corporation Vellar ward election details asd
Author
First Published Feb 2, 2024, 10:33 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയ പോരാട്ടം നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ്. തിരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ബാക്കി നിൽക്കെ വെള്ളാറിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞുകഴിഞ്ഞു. ഇതോടെ തിരുവനന്തപുരം കോർപ്പറേഷൻ വെള്ളാർ വാർഡിൽ ഉപതെരഞ്ഞെടുപ്പ് പ്രചരണവും കനത്തിട്ടുണ്ട്. സിറ്റിങ്ങ് സീറ്റ് നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി. ഉറച്ച കോട്ടയിൽ കഴിഞ്ഞ തവണയേറ്റ തിരിച്ചടിക്ക് മറുപടി നൽകാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. അട്ടിമറി ലക്ഷ്യമിട്ടുള്ള ഇടതു പോരാട്ടം കൂടിയായതോടെ വെള്ളാറിൽ ത്രികോണ മത്സരത്തിന്‍റെ ചൂടും ചൂരുമാണ്.

യുവതിയുടെ പരാതി, പാസ്റ്റർ കുഞ്ഞുമോനെ പൂട്ടി വനിതാ പൊലീസ്; രോഗശാന്തി ശ്രുശ്രൂഷക്കും പ്രാർത്ഥനക്കുമിടെ പീഡനശ്രമം

ഇരുപത് വർഷം തുടർച്ചയായി കോൺഗ്രസിനൊപ്പമായിരുന്ന വെള്ളാർ ഡിവിഷൻ ബി ജെ പിയിലേക്ക് മറിഞ്ഞത് അന്തരിച്ച കൗൺസിലർ നെടുമം മോഹനന്റെ രാഷ്ട്രീയ കൂറു മാറ്റത്തോടെയായിരുന്നു. കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന നെടുമം മോഹനൻ കോർപ്പറേഷനിലേക്ക് ജയിച്ചത് കയറിയത് ചില്ലറ ക്ഷീണം അല്ല പാർട്ടിക്കുണ്ടാക്കിയത്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ഉടൻ തന്നെ അതിവേഗത്തിൽ സ്ഥാനാർത്ഥിയെ ഇറക്കി കോൺഗ്രസ് കളം പിടിച്ചത്. ജില്ലാ നേതൃത്വം മുഴുവനായും വാർഡിൽ ക്യാമ്പ് ചെയ്താണ് പ്രചരണം. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരും പ്രചരാണത്തിനിറങ്ങും. പാച്ചല്ലൂർ വി രാജുവാണ് കോൺഗ്രസ് സ്ഥാനാർത്ഥി. 

സ്ഥാനാർത്ഥി നിർണയത്തിൽ തുടക്കത്തിലുണ്ടായിരുന്ന ഭിന്നതകൾ പരിഹരിച്ചാണ് ബി ജെ പി മത്സരത്തിനിറങ്ങുന്നത്. സിറ്റിങ്ങ് സിറ്റിൽ തോറ്റാൽ ഉണ്ടായേക്കാവുന്ന തിരിച്ചടി ചെറുതല്ലെന്ന ബോധ്യവുമുണ്ട് കോർപ്പറേഷനിലെ പ്രതിപക്ഷ കക്ഷിക്ക്. വ്യാപക കള്ളവോട്ട് ആരോപണവും ബി ജെ പി ഉന്നയിക്കുന്നു. വെള്ളാർ സന്തോഷാണ് ബി ജെ പി സ്ഥാനാർത്ഥി.

കഴിഞ്ഞ തവണ സി പി ഐ ടിക്കറ്റിൽ ഇറങ്ങിയ പനത്തുറ ബൈജു തന്നെയാണ് ഇത്തവണയും എൽ ഡി എഫ് സ്ഥാനാർത്ഥി. തിരുവനന്തപുരം കോര്‍പറേഷൻറെ ഭരണ നേട്ടങ്ങൾ പറഞ്ഞാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചരണം.

രാഷ്ട്രീയത്തിനൊപ്പം മതസാമുദായിക സ്വാധീനങ്ങളും നിർണായകമാകും വെള്ളാറിൽ. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെയുള്ള ഉപതെരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും പ്രധാനം. ഈ മസം 22 നാണ് ഉപതെരഞ്ഞെടുപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios