'ഇവരെ ഒന്നും ഞങ്ങൾക്ക് അറിയില്ലപ്പാ', ഇവരൊന്നും ഇവിടെയല്ല താമസമെന്നും തങ്ങൾക്ക് ഈ ലിസ്റ്റിലുള്ള ആരെയും അറിയില്ലെന്നും സീതാരമയുടെ അമ്മ ലൗഡ്സ്പീക്കറിനോട് വെളിപ്പെടുത്തി.

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ ബെള്ളൂർ പഞ്ചായത്തിലെ ഒരു വീട്ടിലുള്ളത് 38 വോട്ടർമാർ. തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യം നിറച്ച് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൗഡ് സ്പീക്ക‍ർ സംഘം ഇവരെ കാണാനെത്തിയപ്പോഴാണ് ട്വിസ്റ്റ്. കഴിഞ്ഞ 15 വർഷമായി ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് കർണ്ണാടകയോട് ചേ‍ർന്ന് കിടക്കുന്ന ബെള്ളൂർ. ബെളൂരിലെ പത്താം വാർഡിലെ പത്താം നമ്പർ വീട്ടിലാണ് വോട്ടേഴ്സ് ലിസ്റ്റ് പ്രകാരം 38 വോട്ടർമാരുള്ളത്. ഇക്കാര്യം വീട്ടുകാരോട് ചോദിച്ചപ്പോൾ ട്വിസ്റ്റോട് ടിസ്റ്റ്. 4 പേർ മാത്രമാണ് വീട്ടിലുള്ളതെന്നും ലിസ്റ്റിലുള്ള ബാക്കിയുള്ളവരെ കണ്ടിട്ട് പോലുമില്ലെന്നാണ് കുടുംബം ലൗഡ്സ്പീക്കറിനോട് വെളിപ്പെടുത്തിയത്.

ബെള്ളൂർ പഞ്ചായത്തിലെ കൊസളിക എന്ന സ്ഥലത്ത് ലിംഗപ്പ എന്നയാളുടെ മകൻ സീതാരാമയാണ് ഈ വീട്ടിലെ താമസക്കാരൻ. എന്നാൽ രണ്ട് മുറിയുള്ള വീട്ടിൽ ഇത്രയും വോട്ടർമാരെങ്ങനെ എന്നാണ് ചോദ്യം. 38 പേർ ഇവിടെ താമസിക്കുന്നില്ലെന്ന് സീതാരമ ലൗഡ്സ്പീക്ക‍ർ സംഘത്തോട് പറഞ്ഞു. വീട്ടിലുള്ളത് 4 പേ‍ർ മാത്രമാണ്. അമ്മയും താനും 2 അനിയൻമാരും മാത്രമാണ് ഇവിടെ താമസമെന്ന് സീതാരാമ പറയുന്നു. 'ഇവരെ ഒന്നും ഞങ്ങൾക്ക് അറിയില്ലപ്പാ', ഇവരൊന്നും ഇവിടെയല്ല താമസമെന്നും തങ്ങൾക്ക് ഈ ലിസ്റ്റിലുള്ള ആരെയും അറിയില്ലെന്നും സീതാരമയുടെ അമ്മയും പറഞ്ഞു.

വോട്ടേഴ്സ് ലിസ്റ്റിൽ ഇത്രയും പേരെ ഒരു വീട്ടിലെ വോട്ടർമാരായി കണ്ട അമ്പരപ്പിലാണ് സിപിഎമ്മും, കോൺഗ്രസും. വോട്ടേഴ്സ് ലിസ്റ്റ് വന്നതിന് ശേഷമാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നാണ് സിപിഎം പറയുന്നത്. ഈ പഞ്ചായത്തിലെ ആരും ലിസ്റ്റിലില്ല. ക‍ർണാടകയിലും അടുത്തുള്ള പഞ്ചായത്തിലുമൊക്കെ ഉള്ള ആളുകളാണ് ലിസ്റ്റിലുള്ളത്. കള്ളവോട്ട് ചെയ്ത് അധികാരം നിലനി‍ർത്താനാണ് ബിജെപിയുടെ ശ്രമമെന്ന് സിപിഎം ആരോപിക്കുന്നു. എന്നാൽ സംഭവം ക്ലറിക്കൽ മിസ്റ്റേക്ക് ആണെന്നാണ് ബിജെപി പറയുന്നത്. ലിസ്റ്റിലുള്ള ആളുകൾ പഞ്ചായത്തിന് പരിസരത്ത് താമസിക്കുന്നവ‍ർ തന്നെയാണ്. ഇതിൽ ഒരാൾ പോലും കർണാടകയിൽ നിന്നുള്ള ആളില്ല. ലിസ്റ്റിൽ ഒരു കർണാടകക്കാരനെങ്കിലും ഉണ്ടെങ്കിൽ സിപിഎം പറയുന്ന പണി ചെയ്യുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. ഇത്തവണയും പഞ്ചായത്തിൽ ബിജെപി ഭരണം നിലനിർത്തുമെന്നും നേതാക്കൾ പറഞ്ഞു.

വീഡിയോ 

'ഞങ്ങൾക്ക് അറിയില്ലപ്പാ'; വോട്ടർ പട്ടികയിൽ ഒരു വീട്ടിൽ 38 വോട്ടർമാർ, പക്ഷെ ഒരു ട്വിസ്റ്റ് ഉണ്ട്