തൃശൂരിൽ നിന്നെത്തിയ പിക്കപ്പിന് അങ്കമാലിയിൽ പിടിവീണത് 2021 ൽ, 3 വർഷത്തിന് ശേഷം എംഡിഎംഎ കേസിലെ പ്രതി പിടിയിൽ
പിക്കപ്പിൽ നിന്നും എം ഡി എം എ പിടികൂടിയതോടെ ഇയാൾ ഒളിവിൽപ്പോവുകയായിരുന്നു
കൊച്ചി: രണ്ട് കിലോയോളം എം ഡി എം എ പിടികൂടിയ കേസിൽ 3 വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. രുമേഷ് (31) എന്ന പ്രതിയെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി അങ്കമാലിയിൽ വാഹന പരിശോധനക്കിടെ കണ്ടെത്തിയത്. തൃശൂരിൽ നിന്ന് വരികയായിരുന്ന പിക്കപ്പ് വാഹനത്തിലാണ് എം ഡി എം എ കണ്ടെത്തിയത്. രുമേഷിന്‍റെ നേതൃത്വത്തിലാണ് ചെന്നെയിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്നത്. രണ്ട് കോടിയിലേറെ രൂപ വിലവരുന്നതായിരുന്നു രാസലഹരി. പിക്കപ്പിൽ നിന്നും എം ഡി എം എ പിടികൂടിയതോടെ ഇയാൾ ഒളിവിൽപ്പോവുകയായിരുന്നു.
ശാസ്ത്രീയമായതടക്കമുള്ള അന്വേഷണത്തിനൊടുവിൽ തിരുച്ചിറപ്പിള്ളിയിൽ നിന്ന് സാഹസീകമായാണ് ഇയാളെ പിടികൂടിയത്. നേരത്തെ 4 പേരെ പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ആർ വി അനിൽകുമാർ, എസ് ഐമാരായ കെ പ്രദീപ് കുമാർ, കെ സതീഷ് കുമാർ, മാർട്ടിൻ ജോൺ, സീനിയർ സി പി ഒ മാരായ എം ആർ മിഥുൻ, എം എസ് അജിത്കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം