Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ വെള്ളപ്പൊക്കം തടയാന്‍ നീക്കം; ബീച്ചനഹള്ളി ഡാമിലെ ജലവിതാനം ക്രമപ്പെടുത്തും

ആദ്യമായാണ് മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ല അധികൃതര്‍ തമ്മില്‍ ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നത്

Kerala Monsoon Dam management preparations in Wayanad Dist
Author
wayanad, First Published Jun 1, 2020, 9:42 PM IST

കല്‍പ്പറ്റ: കഴിഞ്ഞ പ്രളയകാലത്തുണ്ടായ പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തിരക്കിട്ട ശ്രമങ്ങളുമായി വയനാട് ജില്ല ഭരണകൂടം. മഴ കനത്താല്‍ ഡാം ഷട്ടറുകള്‍ തുറക്കുമ്പോഴുണ്ടാകുന്ന അടിയന്തിര സ്ഥിതിഗതികള്‍ വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വയനാട്-മൈസൂരു അന്തര്‍ ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ധാരണയായി. 

പ്രളയകാലത്ത് ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷമാക്കുന്നത് തടയുന്നതിനായി വയനാട് ജില്ലാ കലക്ടര്‍ മൈസൂരു ജില്ലാ കലക്ടറുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് വര്‍ഷകാലത്തെ ഡാം പരിപാലനത്തില്‍ ഇരു ജില്ലകളിലെയും അധികാരികളുടെ പരസ്പര സഹകരണമുണ്ടാക്കാന്‍ തീരുമാനിച്ചത്. വര്‍ഷ കാലത്ത് കാരാപ്പുഴ, ബാണാസുര ഡാം ഷട്ടറുകള്‍ തുറക്കുമ്പോള്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് ഒഴിവാക്കും. ഇതിനായി ബീച്ചനഹള്ളി ഡാമിലെ ജലവിതാനം ക്രമപ്പെടുത്തുന്നതിനാണ് മൈസുരു ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയത്.  

ആദ്യമായാണ് മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ല അധികൃതര്‍ തമ്മില്‍ ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നത്. ഇരു ജില്ലകളിലെയും ഡാം പരിപാലന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്നതായിരിക്കും പുതുതായി രൂപവത്കരിക്കുന്ന സമിതി. പ്രളയകാലത്തെ ഡാമുകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാവും ഡാമുകളിലെ ജലവിതാനം ക്രമപ്പെടുത്തുന്നതില്‍ തീരുമാനമുണ്ടാകുക.

Read more: 'ദുരിതം പേറി..'; പാലമെത്തിയെങ്കിലും വഴിയടഞ്ഞ വീട്ടിലെത്താൻ കനിവ് തേടി വയോധിക ദമ്പതികൾ

Follow Us:
Download App:
  • android
  • ios