Asianet News MalayalamAsianet News Malayalam

'ദുരിതം പേറി..'; പാലമെത്തിയെങ്കിലും വഴിയടഞ്ഞ വീട്ടിലെത്താൻ കനിവ് തേടി വയോധിക ദമ്പതികൾ

പാലത്തിന് സമീപത്ത് കൂടിയുള്ള പാടത്തിന്റെ പുറംബണ്ടിലാണ് ചാക്കോയും ലീലാമ്മയും താമസിക്കുന്നത്. നടവഴി വീതി കൂട്ടി മരങ്ങൾ വെട്ടിമാറ്റിയാൽ മാത്രമേ ഇവർക്ക് പ്രധാന റോഡിൽ എത്താൻ കഴിയൂ.

Older couple looking for pity on their way home
Author
Edathua, First Published Jun 1, 2020, 6:49 PM IST

എടത്വ: ആറ്റുനോറ്റിരുന്നു പാലമെത്തിയെങ്കിലും വഴിയടഞ്ഞ വീട്ടിലെത്താൻ കനിവ് തേടി വയോധികർ. തലവടി പഞ്ചായത്ത് ഒന്നാം വാർഡിൽ അർത്തിശ്ശേരി പുത്തൻപറമ്പിൽ ചാക്കോയും(87) ഭാര്യ ലീലാമ്മയുമാണ് വീട് എത്താൻ അധികൃതരുടെ കനിവ് തേടുന്നത്. അർത്തിശ്ശേരി പേരില്ലാമരം പാടത്തിന്റെ പുറംബണ്ടിൽ കഴിയുന്ന ഇവർക്ക് റോഡിലെത്താൻ സമീപവാസികളുടെ കനിവ് വേണം. 

മൂന്നടി വീതിയിൽ നടവഴിയുണ്ടെങ്കിലും സമീപവാസികളുടെ മരങ്ങൾ വഴിയിലേക്ക് വീണ് യാത്രാ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. പാടത്ത് വെള്ളം കയറുന്നതോടെ യാത്രദുരിതം കഠിനമായി തീരും. പ്രായമായ ഈ ദമ്പതികൾ മാത്രമാണ് വീട്ടിലുള്ളത്. പ്രായാധിക്യത്താൽ രോഗബാധയുള്ള ഇവർക്ക് ആശുപത്രിയിൽ എത്താനും അവശ്യസാധനങ്ങൾ വാങ്ങാനും വഴിയടഞ്ഞ ഈ വഴിയിലൂടെ യാത്ര ചെയ്യണം.  

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ പാടത്തേയ്ക്ക് പാലം ലഭിച്ചെങ്കിലും അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ പിന്നെയും വർഷങ്ങൾ കഴിഞ്ഞു. മൂന്ന് മാസം മുൻപ് അപ്രോച്ചിന്റെ നിർമ്മാണം പൂർത്തിയാക്കി റോഡ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തെങ്കിലും ചാക്കോച്ചന് റോഡിൽ എത്താൻ ഇനിയും ഏറെ കടമ്പകൾ താണ്ടണം. 

പാലത്തിന് സമീപത്ത് കൂടിയുള്ള പാടത്തിന്റെ പുറംബണ്ടിലാണ് ചാക്കോയും ലീലാമ്മയും താമസിക്കുന്നത്. നടവഴി വീതി കൂട്ടി മരങ്ങൾ വെട്ടിമാറ്റിയാൽ മാത്രമേ ഇവർക്ക് പ്രധാന റോഡിൽ എത്താൻ കഴിയൂ. വഴിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ചാക്കോച്ചന്റെ ദുരിതം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. വയോധികരായ ഈ കുടുംബത്തിനെ ഇനിയും കണ്ണീരിലാക്കരുതെന്ന് നാട്ടുകാർ പറയുന്നു.

Follow Us:
Download App:
  • android
  • ios