പാലക്കാട് സ്വദേശി ശിവകുമാറിനെ കേരളാ പൊലീസ് തമിഴ്നാട്ടിലെത്തി പിടികൂടുകയായിരുന്നു. ഒരു വർഷത്തിലേറെയായി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ കഥയിങ്ങനെ...

പാലക്കാട്: ഇന്നലെയാണ് സന്യാസിയായി വേഷം മാറി ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. പാലക്കാട് സ്വദേശി ശിവകുമാറിനെ കേരളാ പൊലീസ് തമിഴ്നാട്ടിലെത്തി പിടികൂടുകയായിരുന്നു. ഒരു വർഷത്തിലേറെയായി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ കഥയിങ്ങനെ...

കാഷായ വസ്ത്രം, കഴുത്തിൽ രുദ്രാക്ഷ മാല, നീട്ടിവള‍ർത്തിയ താടിയും മുടിയും... ഒറ്റനോട്ടത്തിൽ സന്ന്യാസി. പൊലീസിൻറെ കണ്ണുവെട്ടിക്കാൻ ഒരു വ൪ഷം കൊണ്ട് ഉണ്ടാക്കി എടുത്തതാണ് ഈ രൂപമാറ്റം. 2021 ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ശിവകുമാർ പിടിയിലാകുന്നത്. കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങി. പഴയ ഫോട്ടോ ഉപയോഗിച്ച് കേരള പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യമൊരു തുമ്പും കിട്ടിയില്ല. മൊബൈൽ ഫോൺ ഉപയോഗിക്കാതെ അതി സൂക്ഷ്മമായായിരുന്നു ളിവ് ജീവിതം. കോടതി വാറൻറ് പുറപ്പെടുവിച്ചതോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രതിക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതിയുടെ ബന്ധുക്കൾക്ക് വരുന്ന ഫോൺ കോൾ ശേഖരിച്ചു. സേലത്ത് നിന്ന് 150 കിലോമീറ്റർ അകലെയുള്ള അമ്പലത്തിന് സമീപം ടവ൪ ലൊക്കേഷൻ.

വേഷ പ്രച്ഛന്നരായി അന്വേഷണ സംഘം നിരവധി തവണ തിരുവണ്ണാമലയിലെത്തി. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനിടയിലാണ് സതീഷ് സ്വാമി ശ്രദ്ധയിൽപ്പെട്ടത്.. കാഷായ വേഷത്തിൽ ഇന്നോവ കാറിൽ എല്ലാ ദിവസവും ക്ഷേത്രത്തിന് മുന്നിലെത്തും. കയ്യിൽ ഭസ്മക്കുടവും ചാമരവും, അടുത്തെത്തുന്ന ഭക്തരെ മന്ത്രങ്ങൾ ഉരുവിട്ട് അനുഗ്രഹിക്കും. ചന്ദനവും ഭസ്മവും നൽകും, ചാമരം കൊണ്ട് തലയിൽ വീശും. പത്തു രൂപ മുതൽ അഞ്ഞൂറും ആയിരവും കൊടുക്കുന്നവർ കൂട്ടത്തിലുണ്ടായിരുന്നു. അമ്പലത്തിന്റെ നടയടക്കുന്നതോടെ ഭക്തർ നൽകിയ പണവുമായി രാവിലെ വന്ന അതേ ഇന്നോവ കാറിൽ തിരികെ പോകും. ഇന്നലെ രാവിലെ കാറിൽ ഇറങ്ങുന്നതിനിടെ തമിഴ്നാട് പൊലീസിലെ എട്ടംഗ സംഘം യഥാർത്ഥ പേരു വിളിച്ച് അടുത്തെത്തിയത്. ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നാലെ പൊലീസ് ജീപ്പിൽ കയറി. സേലത്തുണ്ടായിരുന്ന കേരള പൊലീസിന് കൈമാറി. വലിയ ശിക്ഷ ലഭിക്കുമെന്ന ഭയം കൊണ്ടാണ് ഒളിവിൽ പോയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ഇന്ന് രാവിലെ പാലക്കാടെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചാരണക്കിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുന്നത്. പിന്നീടാരും ഇയാളെ തിരിച്ചറി‌ഞ്ഞതുമില്ല. ഒരു വർഷത്തിനു ശേഷമാണ് കാഷായ വസ്ത്രത്തിൽ തമിഴ്നാട്ടിൽ വിലസുന്നതിനിടെ വ്യാജ സന്യാസി പിടിയിലായത്.