വധശ്രമം, മയക്കുമരുന്ന് അടക്കമുള്ള കേസുകളിൽ പ്രതിയായ ശ്രീലാൽ മാസമായി പൊലീസിനെ വെട്ടിച്ച് വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു
എടത്വാ: നിരവധി കേസുകളിലെ പ്രതിയായ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ശ്രീലാൽ എടത്വാ പൊലീസിന്റെ പിടിയിൽ. തലവടി നീരേറ്റുപുറം മുക്കാടൻ വീട്ടിൽ ശ്രീലാൽ (33) ആണ് എടത്വാ പൊലീസിന്റെ പിടിയിലായത്. വധശ്രമം, മയക്കുമരുന്ന് അടക്കമുള്ള കേസുകളിൽ പ്രതിയായ ശ്രീലാൽ മാസമായി പൊലീസിനെ വെട്ടിച്ച് വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. പൊലീസ് നിരവധി തവണ പ്രതിയെ തേടി നീരേറ്റുപുറത്തെ വീട്ടിൽ എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ കഴിഞ്ഞദിവസം പൊലീസ് വേഷം മാറി, മഫ്തിയിൽ വീട്ടിലെത്തി മറ്റാവശ്യങ്ങൾ പറഞ്ഞ് ശ്രീലാലിനെ ഫോണിലൂടെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്.
നിരവധി കേസിൽ പ്രതിയായ ശ്രീലാലിനെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് എടത്വാ പൊലീസ്, ജില്ല കളക്ടറോടും പൊലീസ് മേധാവിയോടും ശുപാർശ ചെയ്തിരുന്നു. ഇതേ തുടർന്ന് ഇയാൾക്കെതിരെ കാപ്പ നിയമം ചുമത്തിയിരുന്നു. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ചങ്ങനാശ്ശേരി - തൃക്കൂടിത്താനം പ്രദേശങ്ങളിൽ ക്വട്ടേഷൻ സംഘാംഗമായി പ്രവത്തിച്ച കേസിലും പ്രതിയാണ് പിടിയിലായ ശ്രീലാൽ. അമ്പലപ്പുഴ ഡി വൈ എസ് പി എൻ രാജേഷ്, എടത്വാ സി ഐ എം അൻവർ, എസ് ഐ മാരായ കെ എൻ രാജേഷ്, സജികുമാർ സീനിയർ സി പി ഒ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പുതുവത്സര ആഘോഷങ്ങൾക്കിടെ എസ് ഐയെ അടക്കം ആക്രമിച്ച പ്രതി അറസ്റ്റിലായി എന്നതാണ്. വെള്ളൈക്കടവ് തോപ്പുമുക്ക് കുളുമല റിയാ നിവാസിൽ റിതു മാത്യു (29) വിനെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. കന്റോൺമെന്റ് എസ് ഐ പ്രസൂൺ നമ്പിക്കാണ് ആക്രണത്തിൽ പരിക്കേറ്റത്. പുതുവത്സര ആഘോഷങ്ങൾക്കിടെ ബുധനാഴ്ച പുലർച്ചെ 3 ന് സാഫല്യം കോംപ്ലക്സ് പാർക്കിംഗ് ഗ്രൗണ്ടിന് സമീപം പ്രതി അടിപിടി ഉണ്ടാക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതിയെ സ്ഥലത്തുനിന്നും ശ്രമിക്കുന്നതിനിടെ എസ് ഐയെ ആക്രമിക്കുകയായിരുന്നു. എസ് ഐയുടെ കാലിന്റെ കുഴ ചവിട്ടി ഒടിക്കുകയും കൈവിരൽ കടിച്ച് മുറിവേല്പിക്കുകയും ചെയ്തു. കാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി .കൈവിരലിന് തുന്നലുണ്ട്. കൂടുതൽ പൊലീസെത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
