Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്ത് ആശങ്കയൊഴിഞ്ഞു; സെല്‍ഫിയെടുത്ത് ആഘോഷമാക്കി പൊലീസുകാര്‍

സങ്കീര്‍ണ്ണവും ഏറെ പ്രകോപന സാധ്യതയുമുള്ള പ്രദേശമായിട്ട് പോലും ഇത്രയും ദിവസം പൊലീസിന്‍റെ സംയമനമാണ് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഏറെ സഹായകരമായത്. 

Kerala police celebrating with selfies after vizhinjam strike was settled
Author
First Published Dec 7, 2022, 9:33 AM IST


തിരുവനന്തപുരം: കഴിഞ്ഞ 113 ദിവസമായി വിഴിഞ്ഞം തുറമുഖ കവാടത്തിൽ നീണ്ടുനിന്ന ക്രമസമാധാന പാലനത്തിൽ നിന്ന് ഒരു ഇടവേള ലഭിച്ച സന്തോഷത്തിലാണ് പ്രദേശത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ. സങ്കീര്‍ണ്ണവും ഏറെ പ്രകോപന സാധ്യതയുമുള്ള പ്രദേശമായിട്ട് പോലും ഇത്രയും ദിവസം പൊലീസിന്‍റെ സംയമനമാണ് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഏറെ സഹായകരമായത്. പൊലീസിന്‍റെ സംയമനം ഏറെ പ്രശംസ നേടുകയും ചെയ്തു. 

സമരം തുടങ്ങിയ നാൾ മുതൽ ഇന്നലെ വരെ നിരവധി സംഘർഷങ്ങൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കും മുല്ലൂർ ഗ്രാമം വേദിയായിരുന്നു. ലത്തീൻ അതിരൂപത സമരം ആരംഭിച്ച അന്ന് മുതൽ വിഴിഞ്ഞം ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രജീഷ് ശശിയും എസ്.ഐ സമ്പത്ത് കൃഷ്ണനും സംഘവും ക്രമസമാധാന ചുമതലകളിൽ രംഗത്തുണ്ട്. 

തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിൽ വരുന്ന ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ. തുറമുഖ വിരുദ്ധ സമരം വന്നതോടെ അത് സ്റ്റേഷന്‍റെ പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചെങ്കിലും ഒരുവശത്ത് തുറമുഖ സമരത്തിന്‍റെ ക്രമസമാധാന പാലനവും മറുവശത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന മറ്റ് കേസുകളുടെ അന്വേഷണവുമായി ഒക്കെ പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനങ്ങൾ ഒരു വിധം മുന്നോട്ട് പോയി. ലത്തീൻ അതിരൂപത സമരം ശക്തി പ്രാപിച്ചതിന് പിന്നാലെ വിഴിഞ്ഞത്ത് കൂടുതൽ പൊലീസ് സംഘത്തെ നിയോഗിച്ചു. 

കൂടുതല്‍ വായനയ്ക്ക്:   അസാധാരണ കാഴ്ചകളുടെ 113 ദിവസങ്ങൾ; വിഴിഞ്ഞം വേദിയായത് കേരളതീരം ഇന്നേവരേ കാണാത്ത സമരപ്രക്ഷോഭങ്ങൾക്ക്

ഫോർട്ട് അസിസ്റ്റന്‍റ് കമീഷണർ ഷാജിയുടെ നേതൃത്വത്തിലായിരുന്നു പൊലീന്‍റെ പിന്നീടുള്ള നീക്കങ്ങള്‍. സ്ഥലത്ത് ഒരു സംഘർഷം ഉണ്ടാക്കാതെ നോക്കുക എന്നതായിരുന്നു സമരകാലത്ത് ഉടനീളം പൊലീസിന്‍റെ പ്രധാന ലക്ഷ്യം. പലപ്പോഴും സമരക്കാർ പ്രകോപിതരായാലും പൊലീസിന്‍റെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനമുണ്ടാകാതെ ശ്രദ്ധിച്ചു. ഒരു തവണ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും പൊലീസ് സ്റ്റേഷന്‍ അക്രമിച്ചപ്പോള്‍ മാത്രമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഒരു നീക്കമുണ്ടായത്. അപ്പോഴും അക്രമം കലാപത്തിലേക്ക് പടരാതിരിക്കാന്‍ പൊലീസ് ഏറെ പണിപ്പെട്ടു. 

ലത്തീൻ അതിരൂപത സമരം ആരംഭിച്ച അന്ന് മുതൽ എല്ലാ ദിവസവും നിയമലംഘനങ്ങള്‍ക്ക് പൊലീസ് സമരക്കാർക്ക് എതിരെ കേസ് എടുക്കുന്നുണ്ടായിരുന്നു. അവശ്യഘട്ടങ്ങളിൽ വിഴിഞ്ഞം മേഖലയെ കുറിച്ച് കൂടുതല്‍ ധാരണയുള്ള മുമ്പ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ക്രമസമാധാന ചുമതലകൾക്ക് ഇവിടേയ്ക്ക് നിയോഗിച്ചിരുന്നു. അവശ്യഘട്ടങ്ങളിൽ സമീപ പൊലീസ് സ്റ്റേഷനുകളിൽ നിന്നും തിരുവനന്തപുരം റൂററില്‍ നിന്നും ഇവിടേയ്ക്ക് പൊലീസിനെ വിന്യാസിച്ചു. 

വിവിധ പൊലീസ് ബറ്റാലിയനുകൾ നിന്നായി വനിതകൾ ഉൾപ്പടെ 1,500 പൊലീസുകാരെവരെ ക്രമസമാധാന പാലനത്തിന് നിയോഗിച്ച ദിവസങ്ങൾവരെയുണ്ടായി. ആഗസ്റ്റ് 16 നാണ് ലത്തീൻ അതിരൂപതയുടെ സമരം മുല്ലൂരിലെ തുറമുഖ കവാടത്തിൽ ആരംഭിച്ചത്. അന്ന് മുതൽ ഇന്ന് വരെ 197 കേസുകളാണ് വിഴിഞ്ഞം പൊലീസ് സമരക്കാർക്ക് എതിരെ രജിസ്റ്റർ ചെയ്തത്. ഇതിൽ 18 കേസ് തുറമുഖം വരണമെന്നാവശ്യപ്പെട്ട് കൊണ്ട് ജനകീയ സമിതി നടത്തിയ സമരത്തിന് എതിരെയാണ്. മറ്റുള്ളവ വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരക്കാര്‍ക്കെതിരെയാണ്. 
 

കൂടുതല്‍ വായനയ്ക്ക്:  വിഴിഞ്ഞം സമരം; നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം, അതുവരെ പന്തല്‍ പൊളിക്കില്ലെന്ന് ജനകീയ സമരസമിതി

കൂടുതല്‍ വായനയ്ക്ക്:   വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുനീക്കുമെന്ന് സമരസമിതി; കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൂടുതല്‍ വായനയ്ക്ക്:   'തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ നൽകിയില്ല'; അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

 

 

 

Follow Us:
Download App:
  • android
  • ios